X

15 വര്‍ഷത്തിനിടെ ഗസ്സയില്‍ അനവധി കൂട്ടക്കുരുതികള്‍

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ പതിനഞ്ചുവര്‍ഷമായി തുടരുന്ന കൂട്ടക്കൊലകളില്‍ ഏറ്റവും അവസാനത്തേതാണ് ഇപ്പോള്‍ നടക്കുന്നത്. 2007ല്‍ ഗസ്സക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം പലപ്പോഴായി ആയിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊലപ്പെടുത്തിയത്. ഈ മാസം ഏഴിന് ഹമാസ് ആക്രമണം നടത്തിയില്ലായിരുന്നെങ്കില്‍ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ഗസ്സക്കുമേല്‍ ഇസ്രാഈല്‍ ബോംബുവര്‍ഷിക്കുമായിരുന്നുവെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്.

2008ല്‍ ഓപ്പറേഷന്‍ കാസ്റ്റ് ലീഡ് എന്ന പേരില്‍ ഇസ്രാഈല്‍ നടത്തിയ ആഴ്ചകള്‍ നീണ്ട ആക്രമണത്തില്‍ ആയിരത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അന്നത്തെ ആക്രമണത്തില്‍ ഗസ്സയിലെ നൂറുകണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രാഈല്‍ സേന ബോംബിട്ട് തകര്‍ത്തു. 2012ല്‍ എട്ട് ദിവസം നീണ്ട വ്യോമാക്രമണത്തില്‍ 180 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2014ല്‍ ഇസ്രാഈല്‍ അഴിച്ചുവിട്ട മറ്റൊരു വന്‍ ആക്രമണത്തില്‍ 2100ലേറെ പേര്‍ കൊല്ലപ്പെട്ടു.

2021ല്‍ റമസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇസ്രാഈല്‍ തുടങ്ങിയ വ്യോമാക്രമണങ്ങളില്‍ 250ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 2022ല്‍ മൂന്ന് ദിവസം നീണ്ട ബോംബുവര്‍ഷത്തില്‍ 15 കുട്ടികളടക്കം 44 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇപ്പോള്‍ തുടരുന്ന ആക്രമണങ്ങളില്‍ മരണം 8300 കവിഞ്ഞിരിക്കുന്നു. ഈ ആക്രമണങ്ങളിലൊക്കെയും കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗം കുട്ടികളായിരുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്ന വസ്തുത. അതോടൊപ്പം വീടുകളും കെട്ടിടങ്ങളും ബോംബിട്ട് ഇടിച്ചുനിരത്തുകയും ചെയ്തു. ഓരോ ആക്രമണം കഴിയുമ്പോഴും ഗസ്സയില്‍ അഭയാര്‍ത്ഥികളുടെയും ഭവനരഹിതരുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്.

webdesk11: