X

നൈജീരിയയിലെ മുസ്‌ലിം പള്ളിയില്‍ ചാവേറാക്രമണം; മരണം ഇരുപത് കടന്നു

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ ചാവേറാക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മുബി നഗരത്തിലാണ് സംഭവം. ഉച്ചയോടെയാണ് പള്ളിയില്‍ ആദ്യ ചാവേര്‍ സ്‌ഫോടനമുണ്ടായത്. പരിഭ്രാന്തരായ വിശ്വാസികള്‍ ഓടിരക്ഷപ്പെടവെ 200 മീറ്റര്‍ അകലെ മറ്റൊരു സ്‌ഫോടനവുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്.

60ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത രണ്ടുപേരെ ഉദ്ധരിച്ച് എഎഫ്പി പറയുന്നു. ചാവേര്‍ ബെല്‍റ്റ് ധരിച്ച ഒരാള്‍ അകത്ത് കടക്കുന്ന് കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പള്ളിയുടെ മേല്‍ക്കൂര ചിതറിത്തെറിച്ചു. ബോകോഹറം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആറ് മാസം മുമ്പ് മുബി നഗരത്തിലെ മറ്റൊരു പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

chandrika: