ഗോ സംരക്ഷണത്തിന് വേണ്ടി എല്ലാവര്‍ഷവും കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. 2015 മുതല്‍ 2021 വരെ 1,242.56 കോടി രൂപ ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ക്കായി ചെലവഴിച്ചെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ തെരുവുകളില്‍ നിരനിരയായി കിടക്കുന്ന പശുക്കളുടെ ജഡത്തിന്റെ വീഡിയോ ദൃശ്യമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇത്രയധികം പണം ചെലവഴിച്ച് ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടും രാജസ്ഥാന്‍ തെരുവുകളില്‍ ഇത്രത്തോളം പശുക്കളുടെ ജഡം കാണപ്പെട്ടതെങ്ങനെയെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നു.
മലയാളി വ്‌ലോഗെര്‍ ആയ സനു സാന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലൂടെ സഞ്ചരിക്കവേ വഴിയരികില്‍ മറവ് ചെയ്യപ്പെടാതെ കിടക്കുന്ന പശുക്കളുടെ ജഡങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഉള്ളത്. പുതിയതും പഴയതുമായ 50 ല്‍ അധികം ജഡങ്ങളാണ് മറവ് ചെയ്യപ്പെടാതെ വഴിയരികില്‍ കിടക്കുന്നത്. പലതും ജീര്‍ണിച്ച അവസ്ഥയിലാണ്.
പശുക്കള്‍ വാഹനമിടിച്ചോ മറ്റ് അസുഖങ്ങളാലോ ചത്തതാവാമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഗോ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന സംസ്ഥാനത്താണ് മറവ് ചെയ്യപ്പെടുക പോലും ചെയ്യാതെ പശുക്കളുടെ ജഡം വഴിയരികില്‍ കിടക്കുന്നത്.
കഴിഞ്ഞ ജൂലായിലാണ് മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോസംരക്ഷണ സെസ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗോശാലകളിലെ (പശു സംരക്ഷണ കേന്ദ്രങ്ങളില്‍) കാലിത്തീറ്റയ്ക്കുള്ള സബ്സിഡി കാലയളവ് ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെ നീട്ടുന്നതിന് വേണ്ടിയായിരുന്നു സെസ് വര്‍ധിപ്പിച്ചത്. ഗോശാലകള്‍ക്ക് കാലിത്തീറ്റ നല്‍കുന്നതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1,225 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും വീഡിയോ ദൃശ്യത്തില്‍ അലഞ്ഞ് നടക്കുന്ന മറ്റ് പശുക്കള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കഴിക്കുന്നതും കാണാവുന്നതാണ്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി മുന്നോട്ടെത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഗോമാതാവിനോടുള്ള സ്‌നേഹമല്ല മറിച്ച് മുസ്ലിം വിഭാഗത്തിനോടുള്ള വിദ്വേഷമാണ് ഉള്ളതെന്നും അതിനാലാണ് അവര്‍ ഗോസംരക്ഷകരെന്ന പേരില്‍ ആക്രമണം നടത്തുന്നതെന്നുമുള്ള നിരവധി കമെന്റുകളാണ് വീഡിയോക്ക് കീഴില്‍ വന്നിരിക്കുന്നത്.
അവര്‍ ഗോ മാതാവിന്റെ പേര് പറയുന്നത് മുസ്ലിംകളെ കൊല്ലാന്‍ വേണ്ടിയാണ് അല്ലാതെ ഗോമാതാവിനോടുള്ള സ്‌നേഹം കൊണ്ടല്ല. ഇത് മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലമായിരുന്നരെങ്കില്‍ വലിയ കലാപം നടന്നേനെയെന്നാണ് വീഡിയോയുടെ താഴെ വന്ന ഒരു കമെന്റ്.
‘രാജസ്ഥാനില്‍ കണ്ടത് പോലെ ഒരു പശുവിന്റെ ജഡം കേരളത്തിലെ മലപ്പുറത്ത് കണ്ടിരുന്നെങ്കില്‍ വിഷയം ഏത് രീതിയിലേക്ക് മാറുമെന്ന് ചിന്തിച്ച് നോക്കൂ’ എന്നാണ് മറ്റൊരു കമെന്റ് വന്നിരിക്കുന്നത്.