ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഹരിയാനക്കാരിയായ മാനുഷി ചില്ലര്‍ക്കാണ് 2017ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ചൈനയിലെ സാനിയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്.
ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി സ്‌റ്റെഫാനി ഡെല്‍വാലെ, മാനുഷിക്ക് ലോക കിരീടം അണിയിച്ചു. രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനം മെക്‌സിക്കോക്കുമാണ്.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000 ല്‍ പ്രിയങ്കാ ചോപ്രയാണ് മിസ് വേള്‍ഡ് കിരീടം ഇതിനുമുന്നേ ഇന്ത്യയിലെത്തിച്ചത്.
ലോക സുന്ദരി പട്ടം നേടുന്ന ആറാമെത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ഹരിയാനയിലെ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മാനുഷി, ഈ വര്‍ഷത്തെ മിസ് ഇന്ത്യാ കിരീട നേട്ടവുമായാണ് ലോക പട്ടത്തിന് ഇറങ്ങിയത്.
മാനുഷിയുടെ കിരീടത്തോടെ വെനസ്വേലക്കൊപ്പം ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടത്തിലെത്തി ഇന്ത്യ.
റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്താ മുഖി എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കായി നേട്ടം കരസ്ഥമാക്കിയ ലോക സുന്ദരിമാര്‍.