വിവാദമായ ‘ചില്ലറ’ പരാമര്‍ശത്തില്‍ ശശി തരൂരിനെ രക്ഷിച്ച് ലോക സുന്ദരി മാനുഷി ചില്ലര്‍. തരൂരിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചിട്ടില്ലെന്ന് മാനുഷി ട്വിറ്ററില്‍ കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എം.ഡി വിനീത് ജെയ്ന്‍ തരൂരിനെ പിന്തുണച്ച് കുറിച്ചത് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ലോക സുന്ദരിയുടെ പരാമര്‍ശം.
മാനുഷി ചില്ലറിന്റെ പേരിലെ ‘ചില്ലര്‍’ എന്ന വാക്ക് തമാശ രൂപേണ ഉപയോഗിച്ച് തരൂര്‍ നടത്തിയ പാര്‍മശമാണ് വിവാദമായത്. ഹിന്ദിയില്‍ ചില്ലറയ്ക്ക് ചില്ലര്‍ എന്നാണ് പറയുന്നത്. നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് ബി.ജെ.പി ഇന്ത്യന്‍ കറന്‍സി ലോകം വാഴുകയാണെന്ന കാര്യം മനസ്സിലാക്കണമായിരുന്നു എന്നും, നമ്മുടെ ഒരു ചില്ലര്‍ പോലും ലോക സുന്ദരിയായി മാറിയെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. നര്‍മ രൂപേണയുള്ള പരാമര്‍ശം പക്ഷേ, ബി.ജെ.പിക്കാര്‍ വിവാദമാക്കി. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി തരൂര്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഒരു പെണ്‍കുട്ടിയെ അപമാനിക്കുകയാണെന്നായിരുന്നു പ്രചരണം. തരൂരിന്റെ ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരെയും സംഘടിത ആക്രമണമുണ്ടായി.
എന്നാല്‍, തരൂരിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. മാനുഷി ചില്ലറിന് ടൈംസുമായി അടുത്ത ബന്ധമുണ്ടായിട്ടും തരൂരിന്റെ ട്വീറ്റില്‍ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്ന് ടൈംസ് ഗ്രൂപ്പ് എം.ഡി വിനീത് ജെയ്ന്‍ അഭിപ്രായപ്പെട്ടു. നര്‍മത്തോട് കൂടുതല്‍ സഹിഷ്ണുത പുലര്‍ത്താന്‍ നമ്മള്‍ ഇനിയും പഠിക്കണമന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇതിനോട് യോജിപ്പ് രേഖപ്പെടുത്തിയാണ് മാനുഷി നയം വ്യക്തമാക്കിയത്.
അതേസമയം, തന്റെ പരാമര്‍ശം മാനുഷിയുടെ കുടുംബത്തിലെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനെയും പോലെ മാനുഷിയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായും തരൂര്‍ വ്യക്തമാക്കി.