മലപ്പുറം: നിര്‍മാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിര്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ മുമ്പാകെ നല്‍കിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരന്‍ 2018ല്‍ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയില്‍ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടര്‍ന്ന് സര്‍വ്വീസ് സെന്ററില്‍ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സര്‍വ്വീസോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയില്‍ ഉപയോഗത്തില്‍ കുറവുവന്നില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനില്‍ പരാതി ബോധിപ്പിച്ചത്.
പരാതി തെളിയിക്കുന്നതിലേക്കായി തിരൂര്‍ അസി. മോട്ടോര്‍ വെഹിക്കള്‍സ് ഇന്‍സ്പെക്ടര്‍ മുഖേന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന് അധികമായി ഓയില്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്കാരന് നല്‍കണം. നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നല്‍കണം.