തിരുവനന്തപുരം- ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിലയിരുത്തി. ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ തയാറായില്ല. ഇതോടെ 2018ല്‍ ഈ തീരുമാനം റദ്ദായി. ഇതിന് പിന്നാലെ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന് 2019 ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
ദേശീയ ശരാശരിയേക്കാള്‍ 30 ശതമാനം വരെ വനപ്രദേശമാണ് കരളത്തിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സ്ഥലവും കേരളമാണ്. 20 പട്ടണങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലാണ് ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തിന്റെ ഈ പ്രത്യേകതകള്‍ ബോധ്യപ്പെടുത്തിയാല്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ നിന്നും ജനവാസകേന്ദ്രങ്ങളെ സുപ്രീം കോടതി ഒഴിവാക്കും. ഇതിനായി മാനുവല്‍ സര്‍വെ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും യു.ഡി.എഫും വിഷയം നന്നായി പഠിച്ച ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചത്. എന്നാല്‍ മാനുവല്‍ സര്‍വെയ്ക്ക് പകരം റിമോട്ട് സെന്‍സിങ് ഏജന്‍സിയെക്കൊണ്ട് സാറ്റലൈറ്റ് പരിശോധനയാണ് സര്‍ക്കാര്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ബഫര്‍ സോണ്‍ മേഖലയില്‍ ജനവാസകേന്ദ്രങ്ങളോ കൃഷിയിടങ്ങളോ പട്ടണങ്ങളോ ഉണ്ടെന്ന് തെളിയിക്കാന്‍ സാറ്റലൈറ്റ് സര്‍വെ റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്നും പറഞ്ഞു.
ജനുവരി രണ്ടാം വാരത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടി ചോദിക്കാനും സര്‍ക്കാര്‍ തയാറകണം. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം പോലെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കുമെന്നും അറിയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.