ചണ്ഡിഗഡ്: ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് മരണം. മനു ഭാക്കറിന്‍റെ മാതൃസഹോദരൻ യുദ്ധ്വീർ സിങ്ങും മുത്തശ്ശി സാവിത്രി ദേവിയുമാണ് അപകടത്തിൽ മരണപ്പെട്ടത്.
ഹരിയാനയിലെ ചാർഖി ദാദ്രിയിൽ മഹേന്ദ്രഗഡ് ബൈപാസ് റോഡിലാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുവിന്‍റെ ബന്ധുക്കൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ ഒളിവിലാണ്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഒളിമ്പിക്സിൽ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കർ സ്വന്തമാക്കിയിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും ടീം ഇനത്തിലും വെങ്കല മെഡൽ നേടിയാണ് 22കാരി ചരിത്രം കുറിച്ചത്. ഷൂട്ടിങ്ങിൽ ഇന്ത്യക്കായി വെങ്കലം നേടുന്ന ആദ്യ വനിത താരമാകാനും മനുവിന് സാധിച്ചിരുന്നു.