X

സ്വർണത്തിളക്കമുള്ള വെങ്കല മെഡലുകളുമായി മനു ഭാക്കർ ജന്മനാട്ടിൽ; വൻ സ്വീകരണമൊരുക്കി ആരാധകർ

പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ സ്വന്തമാക്കി പുതുചരിത്രം കുറിച്ച ഷൂട്ടിങ് താരം മനു ഭാക്കർ നാട്ടിൽ തിരിച്ചെത്തി. ഇന്നു രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ താരത്തിനും പരിശീലകൻ ജസ്പാൽ റാണയ്ക്കും വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്.

നിരവധി പേരാണ് താരത്തിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ഇന്ത്യൻ ജനത ഒളിംപിക്സ് മെഡൽ ജേതാവിനെ വരവേറ്റു. ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ മാധ്യമങ്ങളോട് സംസാരിച്ചു.

ഒളിംപിക്സ് ഷൂട്ടിം​ഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം​ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി.

ഒളിംപിക്സില്‍ കാഴ്ചവച്ച പ്രകടനത്തിനു പിന്നാലെ സമാപനച്ചടങ്ങിൽ ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മനു ഭാക്കറിനെ തിരഞ്ഞെടുത്തിരുന്നു. പാരിസ് ഒളിംപിക്സിൽ 2 വെങ്കല മെഡലുകൾ നേടിയ മനു ഭാക്കറാകും സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിക്കുകയെന്ന് ടീം അധികൃതരാണ് അറിയിച്ചത്.

webdesk13: