ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് പൊട്ടലുള്ള കൈവിരലുമായാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്രക്ക് കുറിപ്പുമായി ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇരട്ട മെഡല്‍ ജേതാവായ മനു ഭാക്കര്‍.
ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ നീരജിന് ഡയമണ്ട് ലീഗില്‍ ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സാണ് ഒന്നാമതെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ താരം ഡയമണ്ട് ലീഗില്‍ രണ്ടാമതാകുന്നത്.
പരിശീലനത്തിനിടെയാണ് നീരജിന്റെ വിരലിന് പൊട്ടലേറ്റത്. സീസണിലെ അവസാന പോരാട്ടമായതിനാലാണ് പരിക്ക് അവഗണിച്ച് മത്സരത്തിനിറങ്ങാന്‍ താരം തീരുമാനിച്ചത്.
‘2024ലെ മികച്ച സീസണിന് നീരജ് ചോപ്രക്ക് അഭിനന്ദനങ്ങള്‍. പരിക്കില്‍ നിന്ന് വേഗത്തില്‍ മുക്തനകാനും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാനും ആശംസിക്കുന്നു’- എന്നിങ്ങനെയാണ് മനു ഭാക്കര്‍ എക്‌സില്‍ കുറിച്ചത്.