പാരിസ് ഒളിംപിക്‌സില്‍ ത്രിപ്പിള്‍ മെഡലുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ മനു ഭാക്കറിനാകുമോ? വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ കടന്നതോടെ, ചരിത്രനേട്ടത്തിനു തൊട്ടരികെയാണ് മനു ഭാക്കര്‍. ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്. ഇതേ ഇനത്തില്‍ മത്സരിച്ച ഇഷാ സിങ് 18-ാം സ്ഥാനക്കാരിയായി ഫൈനല്‍ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം.
ഷൂട്ടിങ്ങിനു പുറമേ, ആര്‍ച്ചറിയിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യമാണ് മിക്‌സഡ് ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ എതിരാളികളായ ഇന്തോനീഷ്യന്‍ സഖ്യത്തെ 5-1നാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. അതേസമയം, ജൂഡോയില്‍ ഇന്ത്യന്‍ താരം തൂലിക മാന്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. 78 കിലോഗ്രാം വനിതാ വിഭാഗത്തില്‍ ലോക ചാംപ്യന്‍ കൂടിയായ ക്യൂബയുടെ ഇഡാലിസ് ഓര്‍ടിസാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്. റോവിങ് പുരുഷ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ ബല്‍രാജ് പന്‍വാര്‍ മത്സരിക്കും.
ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങും. ചൈനീസ് തായ്‌പെയിയുടെ ചോ ടിയന്‍ ചെന്നാണ് എതിരാളി. ബാഡ്മിന്റനില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷയാണ് ലക്ഷ്യ. ഗോള്‍ഫ് പുരുഷ വ്യക്തിഗത ഫൈനല്‍സില്‍ ശുഭാങ്കര്‍ ശര്‍മയ്ക്കും ഗഗന്‍ജീത് ഭുള്ളര്‍ക്കും മത്സരമുണ്ട്. അത്‌ലറ്റിക്‌സില്‍ വനിതകളുടെ 5000 മീറ്ററില്‍ അങ്കിത ധ്യാനിയും പാരുല്‍ ചൗധരിയും മത്സരിക്കും.