X

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരിക അവയവങ്ങളില്‍ ക്ഷതം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത. മരണത്തിന് മുന്‍പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളില്‍ ക്ഷതമുണ്ടെന്നും കണ്ടെത്തി. മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. മൃതദേഹം കണ്ടെത്തിയ സ്ഥലം വടകര റൂറല്‍ സ്പിയുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചു.

രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം.

അതേസമയം, മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷിനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവന്‍, സുഹൈല്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നസീര്‍ എന്നീ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പ്രതികളെല്ലാം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബെറിഞ്ഞതെന്നാണ് എഫ്‌ഐആറിലുള്ളത്.

 

Test User: