തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇത്തവണ മികച്ചതോതില്‍ മഴ ലഭിക്കുന്നതിനുള്ള സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് പലസ്ഥലത്തും മഴ കനത്തു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗതയും വര്‍ധിച്ചു. കൊച്ചിയില്‍ കനത്ത മഴയും കാറ്റുമാണ്. റോഡുകളില്‍ വെള്ളം കയറി. വടക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മേയ് 30 ന് കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
കടുത്ത വരള്‍ച്ചയില്‍ ജലക്ഷാമം നേരിടുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ 48 മണിക്കൂറായി സാമാന്യം നല്ല മഴ കിട്ടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് വൈക്കത്തും മാവേലിക്കരയിലുമാണ്, ആറ് സെന്റീമീറ്റര്‍ വീതം. വരുന്ന നാലുദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തിയപ്പോള്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെട്ടു വരുന്നതേയുള്ളൂ.
ഈ മഴക്കാലത്ത് കേരളത്തില്‍ 96 ശതമാനം മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ടായതായിരുന്നു ഇത്തവണത്തെ കൊടും വരള്‍ച്ചക്കുള്ള കാരണം. തലസ്ഥാനത്തിന്റെ കുടിവെള്ള സ്രോതസായ പേപ്പാറ സംഭരണിക്കു ചുറ്റുമുള്ള അഗസ്ത്യവന മേഖലയില്‍ നല്ല മഴയാണ്. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ ഡാമില്‍ മഴ പ്രതീക്ഷ നല്‍കുന്നുണ്ട്. 17 ദശലക്ഷം ക്യുബിക് മീറ്ററാണ് പേപ്പാറയില്‍ സംഭരിക്കാവുന്ന ജലം. പേപ്പാറയിലേക്കു വെള്ളം ഒഴുകിയെത്തിയാലെ ഇനി നഗരവാസികള്‍ക്ക് കുടിക്കാന്‍പോലും വെള്ളം കിട്ടൂ എന്ന സ്ഥിതിയിലാണ് മഴയെത്തിയത്. പ്രധാന സ്ഥലങ്ങളില്‍ ഇന്നലെ ലഭിച്ച മഴയുടെ തോത് മില്ലീമീറ്ററില്‍: തിരുവനന്തപുരം- 33, തിരുവനന്തപുരം വിമാനത്താവളം-29.4, പുനലൂര്‍-55.6, ആലപ്പുഴ- 95.2, കോട്ടയം- 48.4, കൊച്ചി വിമാനത്താവളം- 46.8, സിയാല്‍ കൊച്ചി- 30.8, വെള്ളാണിക്കര- 47.1, പാലക്കാട്- 20.9, കരിപ്പൂര്‍ വിമാനത്താവളം- 19.3, കോഴിക്കോട് സിറ്റി- 19, കണ്ണൂര്‍ -07.
- 7 years ago
chandrika
Categories:
Video Stories
കാലവര്‍ഷമെത്തി; സംസ്ഥാനത്ത് മഴ ശക്തം
Tags: Rain kerala