തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ കടലാക്രമണത്തില്‍ 1500 ഓളം വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ തീരങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ഭൂമിയും വീടും നഷ്ടമായി. യഥാര്‍ത്ഥ നഷ്ടക്കണക്കുകള്‍ റവന്യൂ വകുപ്പ് ശേഖരിച്ച് വരികയാണ്. ആയിരത്തോളം വീടുകള്‍ പൂര്‍ണമായും അഞ്ഞൂറോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് പ്രാഥമിക വിവരം. അഞ്ഞൂറിലധികം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുള്ളവര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. കടലാക്രമണം ഉണ്ടായ എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങളായി കടല്‍ ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന പ്രദേശങ്ങളെയാണ് കടല്‍ ക്ഷോഭം കൂടുതല്‍ ബാധിച്ചത്. കടല്‍ഭിത്തി നിര്‍മാണത്തിനായി ഇറക്കിയിട്ടിരുന്ന കല്ലുകള്‍ പോലും കടലെടുക്കുന്ന സ്ഥിതിയാണ്. ആലപ്പുഴ ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ കടലും കായലുമായുള്ള അകലം ചുരുങ്ങി. ഇവിടത്തെ തീരദേശ റോഡും കടലുമായുള്ള ദൂരം അഞ്ച് മീറ്റര്‍ മാത്രമായി. കടല്‍ കരയിലേക്ക് കയറുന്തോറും തീരദേശവാസികളുടെ ഭീതി വര്‍ധിക്കുകയാണ്. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. കടലിനോട് ചേര്‍ന്നുള്ള അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ തീരത്തുനിന്ന് മാറ്റാനായുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും വീട് വെക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ പോലും ഇനിയും ആരംഭിച്ചിട്ടില്ല