X

ഗോവയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി ചുമതല കൈമാറുന്നതിന് ബി.ജെ.പി-ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

ക്യാന്‍സര്‍ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്നു. ഗോവയുടെ ഭരണകാര്യത്തില്‍ ബി.ജെ.പി-ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി കേന്ദ്രസംഘം ഗോവയിലെത്തിയിട്ടുണ്ട്. ഇന്ന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായും ഘടകകക്ഷികളായും ചര്‍ച്ച നടത്തും.

വിദേശത്ത് ചികിത്സയിലായിരുന്ന പരീക്കര്‍ ഇപ്പോള്‍ ഡല്‍ഹി എയിംസിലാണ് ചികിത്സ നടത്തുന്നത്. ചികിത്സക്കായി മാറി നില്‍ക്കേണ്ടതിനാല്‍ മുഖ്യമന്ത്രി സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു പരീക്കര്‍. എന്നാല്‍ ഇതിനെ ബി.ജെ.പി നേതൃത്വം എതിര്‍ത്തിട്ടുണ്ട്. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും തങ്ങളുടെ പാര്‍ട്ടി നേതാവുമായ സുധീര്‍ നവലിക്കര്‍ ആണ് ചുമതല വഹിക്കേണ്ടതെന്ന് ഘടക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പറയുന്നു. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഇതിനെതിരെ രംഗത്തുവന്നു. ചുമതല മാറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും. പരീക്കറിനു പുറമെ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാരും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുരംഗ് മഡകാക്കറും, ഫ്രാന്‍സിസ് ഡിസൂസയുമാണ് ചികിത്സയിലുള്ളത്.

അതേസമയം, ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണ ശ്രമം തീര്‍ച്ചയായും നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി എ.ചെല്ലകുമാര്‍ പറഞ്ഞു. ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

40 അംഗ ഗോവ നിയമസഭയില്‍ ബി.ജെ.പിക്കുള്ളത് 14 അംഗങ്ങള്‍ മാത്രമാണ്. മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും മൂന്ന് സ്വതന്ത്രരുടെയും ഒരു എന്‍.സി.പി അംഗത്തിന്റെയും ബലത്തിലാണ് പാര്‍ട്ടിയുടെ ഭരണം. 16 സീറ്റോടെ വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസ്സ് പ്രതിപക്ഷത്താണ്.

chandrika: