X

‘കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണ്, പരശുരാമന്‍ മികച്ച എഞ്ചിനീയര്‍’; ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

പനാജി: പരശുരാമനാണ് മികച്ച എഞ്ചിനീയറെന്ന വാദവുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്ത പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് അദ്ദേഹം പറഞ്ഞു. ‘എന്‍ജിനിയേഴ്‌സ് ഡേ’യോടനുബന്ധിച്ച് പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍.

കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണെന്നാണ് വിശ്വാസം. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടലില്‍ നിന്നും കര സൃഷ്ടിച്ചെടുക്കുന്ന എഞ്ചിനീയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റേയും സ്ഥാനം. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനിയറിംഗ് ഏറെ പഴക്കമുള്ള കലയും വൈദഗ്ദ്യവുമാണ്. ആധുനിക കാലത്തും അത് അംഗീകരിക്കപ്പെടുന്നുണ്ട്. ഹസ്തിനപുരവും പാണ്ഡവന്‍മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറമാതൃകകള്‍ ആയിരം വര്‍ഷം മുമ്പേ നമുക്ക് പരിചിതമാണെന്നും മന്ത്രി പറഞ്ഞു.

നേരത്തേയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജറി ഗണപതിയുടെ തലമാറ്റിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ പ്രതിഷേധകൂട്ടായ്മകളും അടുത്തിടെ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരശുരാമനെക്കുറിച്ചുള്ള പരാമര്‍ശവുമായി പരീക്കര്‍ എത്തുന്നത്.

chandrika: