പഞ്ച്കുല: മാനഭംഗക്കേസുകളുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ നടത്തിയ പരാമര്‍ശം വിവാദമായി. പഴയ കാമുകന്മാരെ തിരികെ കിട്ടാനായാണ് സ്ത്രീകള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപി സര്‍ക്കാറിലെ മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവന. ഹരിയാനയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഖട്ടറുടെ പ്രതികരണം. പഞ്ച്കുല ജില്ലയിലെ കല്‍കയില്‍ ഒരു പൊതുപരിപാടിയിലാണ് മാനഭംഗക്കേസുകളെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തില്‍ ഖട്ടര്‍ പ്രസംഗിച്ചത്.
അറിയാവുന്ന ആളുകള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം പിന്നീട് അവര്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോഴാണ് മാനഭംഗമായി മാറുന്നത്. 80 മുതല്‍ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് അത്തരത്തിലാണെന്നും ഖട്ടര്‍ പറഞ്ഞു.
സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും പാശ്ചാത്യ രീതികള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനങ്ങള്‍ കുറയ്ക്കാമെന്നും 2014ല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്. പ്രസ്താവനയിലൂടെ ഖട്ടറിന്റേയും സര്‍ക്കാരിന്റെയും സ്ത്രീവിരുദ്ധ സമീപനമാണ് വ്യക്തമായിരിക്കുന്നതെന്നും ബലാത്സംഗങ്ങളുടെ ഉത്തരവാദി സ്ത്രീകളാണെന്ന രീതിയിലുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഖട്ടറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി.