X

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബ്; പി.കെ കുഞ്ഞാലിക്കുട്ടി

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബിന്റെ വിയോഗത്തിലൂടെ അടഞ്ഞു പോയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മകന്‍ നൗഷാദ് മരണ വാര്‍ത്ത വിളിച്ചറിയിച്ചത് മുതല്‍ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മുസ്ലിം ലീഗില്‍ വാര്‍ത്തെടുത്ത വ്യക്തിത്വം എന്ന് തന്നെ നിസ്സംശയം അദ്ദേഹത്തെ കുറിച്ച് പറയാം.

വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ശരീഫ് സാഹിബിനെ കുറിച്ച് ഓര്‍ക്കാനുണ്ട്. ആ കാലത്ത് മലപ്പുറത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന കട തുറക്കാന്‍ വേണ്ടി അതിരാവിലെ ഞാനും, ജ്യേഷ്ഠനും, അനിയനും കൂടി പോകുന്ന യാത്രയില്‍ സഹയാത്രികനായി പതിവായി ശരീഫുമുണ്ടാകും. ഞങ്ങള്‍ പോകുന്ന വാഹനത്തില്‍ കയറാനായി പാതി വഴിയില്‍ അദ്ദേഹം എന്നുമുണ്ടാകും.

അദ്ദേഹത്തെ ചന്ദ്രികയില്‍ ഇറക്കിയിട്ടാണ് ഞങ്ങള്‍ തിരിച്ചു കടയിലേക്ക് വരിക. വൈകുന്നേരം കടയടച്ച് തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം തിരിച്ചു പോന്നിരുന്നതും. അത് ഒരു പതിവ് ചര്യയായിരുന്നു. അത്ര മാത്രം ഞങ്ങളുടെ ജീവിതത്തോട് അദ്ദേഹം സഹവാസം പുലര്‍ത്തിയിരുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് ഞാന്‍ വഴി മാറിയപ്പോഴും ഈ അവസാന കാലം വരെ എന്റെ ജ്യേഷ്ഠനുമൊത്ത് ആ സഹവാസം മുറ തെറ്റാതെ തുടര്‍ന്നിരുന്നു.ഇടക്കാലത്ത് അദ്ദേഹം പ്രവാസലോകത്തേക്ക് പോയപ്പോഴും നിത്യേനയെന്നോണം വിളിച്ചു ബന്ധപ്പെട്ടിരുന്നതും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതും ഓര്‍ത്ത് പോകുന്നു.

എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വയനാട്ടിലെ ഭാര്യ വീട്ടിലേക്ക് വിരുന്ന് പോയപ്പോള്‍ അദ്ദേഹം കൂടെ പോന്നതൊക്കെ ഇപ്പോഴും നിറമുള്ള ഓര്‍മകളാണ്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളും അനുഭവങ്ങളുമുണ്ട്. ജീവിതത്തോട് അത്രയും ചേര്‍ന്ന് നിന്ന ഒരു സന്തത സഹചാരിയുടെ വിയോഗ വാര്‍ത്ത സൃഷ്ഠിച്ച ദുഖവും വേദനയും ഇപ്പോഴും അണഞ്ഞിട്ടില്ല.നാഥന്‍ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

webdesk13: