ഗുവാങ്ഷൂ: ലോകമെങ്ങും അനുദിനം വര്‍ധിച്ചു വരുന്ന ‘വാഹന ജനസംഖ്യ’ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ചൈനയില്‍ നിന്ന് ‘പറക്കും കാര്‍’ വരുന്നു. വ്യക്തിഗത ഗതാഗത രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പാസഞ്ചര്‍ ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ വന്‍ വിജയമായതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇഹാങ് 184 എന്ന പേരിലുള്ള ഡ്രോണ്‍ ആയിരക്കണക്കിനു തവണ വിജയകരമായി പറന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗുവാങ്ഷൂ ആസ്ഥാനമായി 2014-ല്‍ സ്ഥാപിതമായ ഇഹാങ് അന്താരാഷ്ട്ര പ്രസിദ്ധരായ ഡ്രോണ്‍ നിര്‍മാതാക്കളാണ്. മനുഷ്യരുമായി പറക്കാന്‍ കഴിയുന്ന ഡ്രോണ്‍ എന്ന ആശയമാണ് ഇഹാങ് 184-ലൂടെ ഇവര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഒറ്റയാളെ വഹിച്ച് പറക്കാന്‍ കഴിയുന്ന ഡ്രോണുകളിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ലോകത്തെ ആദ്യ ‘യാത്രാ ഡ്രോണ്‍’ ആണിത്.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയുള്ള ഈ ഡ്രോണിന് കൊടുങ്കാറ്റില്‍ വരെ നിയന്ത്രണം വിടാതെ പറക്കാന്‍ കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കുത്തനെയുള്ള ഉയരുന്നതിന്റെയും 230 കിലോയുടെ ഭാരം വഹിക്കുന്നതിന്റെയും പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ട ഇഹാങ് 184, പരമാവധി വേഗമായ 130 കി.മീ വേഗത്തില്‍ 15 കിലോമീറ്ററോളം പറന്നു.
യാത്രക്കാരെ കയറ്റിയുള്ള പരീക്ഷണപ്പറക്കലും ഒന്നിലധികം തവണ നടത്തി. 150-ഓളം ശാസ്ത്രജ്ഞരാണ് വ്യത്യസ്ത സമയങ്ങളിലായി പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യാത്രക്കാര്‍ക്ക് ഡ്രോണ്‍ നിയന്ത്രിക്കുന്നത് എളുപ്പമാക്കാനും യാത്ര സുരക്ഷിതമാക്കുന്നതിനുമുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഭാവിയിലെ ഗതാഗതം പറക്കലിന്റേതാകുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഇഹാങിന്റെ പരീക്ഷണ വിജയം.