X
    Categories: keralaNews

മണ്ണാര്‍ക്കാട് പുലിപ്പേടിയില്‍ നാടും നഗരവും

വഴിവക്കില്‍ പുലിയേയും കുഞ്ഞുങ്ങളേയും കണ്ടതോടെ മലയോര ഗ്രാമമായ തത്തേങ്ങലത്തെ ജനജീവിതം വീണ്ടും ഭീതിയുടെ മുള്‍മുനയിലായി. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദേശവാസികളായ റഷീദ്,ഷറഫ്,ഖാലിദ്,നിതിന്‍ എന്നിവര്‍ തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്തായി വഴിയോരത്ത് പുലികളെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ എത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും പുലികളെ കണ്ടെത്താനായില്ല. പടക്കവും മറ്റും പൊട്ടിച്ച് വനപാലകര്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെയും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും ആര്‍ആര്‍ടിയുമെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വനമേഖലയോട് ചേര്‍ന്ന് സൈലന്റ് വാലി ഔട്ട് പോസ്റ്റിലേക്ക് പോകുന്ന പാതയോരത്താണ് പുലികളെ കണ്ടത്. തത്തേങ്ങലത്ത് ഒരു ഭാഗം വനവും മറ്റൊരു ഭാഗം ജനവാസകേന്ദ്രവുമാണ്. രണ്ട് വര്‍ഷത്തോളമായി ഗ്രാമത്തില്‍ പുലിശല്യം രൂക്ഷമാണ്. തത്തേങ്ങലം, കല്‍ക്കടി,മേലാമുറി,ആനമൂളി നേര്‍ച്ചപ്പാറ കോളനി തുടങ്ങിയവടങ്ങളിലെല്ലാം മുമ്പ് പുലിസാന്നിദ്ധ്യം സ്ഥിരകീരിച്ചിരുന്നു.2021 സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കടിയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളോളം കൂട് വെച്ചെങ്കിലും പുലി കുടുങ്ങിയില്ല.പിന്നീട് കഴിഞ്ഞ വര്‍ഷവും പുലിശല്ല്യം രൂക്ഷമായതിനെ തുടര്‍ന്നും കൂട് വെച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തത്തേങ്ങലത്ത് നിന്നും കൂട് വനംവകുപ്പ് മാറ്റിയത്.എന്നാല്‍ കൂട്ടില്‍ അകപ്പെടാതെ പുലി ഗ്രാമത്തില്‍ സഞ്ചരിച്ച് ആടുകളേയും വളര്‍ത്തുനായ്ക്കളെയും ഇരയാക്കി വിലസുകയാണ് ചെയ്യുന്നത്.നിരവധി വളര്‍ത്തുമൃഗങ്ങളാണ് ഇതിനകം പുലിയ്ക്ക് ഇരയായിട്ടുണ്ട്.
മേയാന്‍ വിട്ടതിനെ ആക്രമിച്ചതും വേറെ.കുട്ടികള്‍ മൈതാനത്ത് കളിക്കുന്നതിനിടെ പുലി ചാടി വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. അതേസമയം ഇതാദ്യമായാണ് പുലിയെ കുഞ്ഞുങ്ങളോടൊപ്പം പ്രദേശത്ത് കാണുന്നത്.വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന പുലി ഇനി മനുഷ്യന് നേരെയും തിരിയുമോയെന്ന ഭീതിയാണ് തത്തേങ്ങലത്തെ ജനത്തിനുള്ളത്.

 

Chandrika Web: