മാന്നാർ സ്വദേശിയില്‍ നിന്നും സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറനാട് താലൂക്കില്‍ കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡില്‍ ഏലിയാപറമ്ബില്‍ ഷമീർ പൂന്തല (38), കാവന്നൂർ ഏഴാം വാർഡില്‍ വാക്കാലൂർ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), 12ാം വാർഡില്‍ പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോൻ 35) എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈൻ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക തട്ടിപ്പു സംഘത്തിനു വേണ്ടി ബാങ്ക് അക്കൗണ്ടില്‍ നിന്നു പിൻവലിക്കാനാണ് ഇവർ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടിപ്പിനിരയായവർ നാഷനല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യുന്നതിനു തൊട്ടുപിന്നാലെ, ഈ പണം എത്തിച്ചേർന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. അങ്ങനെ ചെയ്യണമെന്നാണു നിയമം. ഇങ്ങനെ അക്കൗണ്ട് മരവിപ്പിക്കുന്നതിനു മുൻപേ അതു മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കു കൈമാറുകയാണു തട്ടിപ്പുകാർ ചെയ്യുക. ഇപ്പോള്‍ അറസ്റ്റിലായവരുടെ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.
ഇതു മനസ്സിലാക്കി പൊലീസ് എത്തിയപ്പോഴേക്കും കമ്മിഷൻ കൈപ്പറ്റി അവർ ഇതു പിൻവലിച്ചു കുഴല്‍പ്പണ സംഘങ്ങള്‍ക്കു കൈമാറി. അവർ വഴിയാണു തട്ടിപ്പുകാർ പണം കൈപ്പറ്റിയിരുന്നത്. പിൻവലിക്കുന്ന പണം ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കൊടുവള്ളി സ്വദേശി ഷുഹൈബിന് എത്തിക്കാനും ഇവരോടു നിർദ്ദേശിച്ചിരുന്നു. സ്ഥിരമായി വിദേശ യാത്ര നടത്തുന്നയാളാണു ഷുഹൈബ് എന്നു കണ്ടെത്തി. ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാൻ ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചു. വൻ റാക്കറ്റിലെ കണ്ണികള്‍ മാത്രമാണ് അറസ്റ്റിലായതെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു.
മാന്നാർ സ്വദേശിയും വിദേശസർവീസിനു ശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്. ഡിസംബർ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്നു തട്ടിയെടുത്തത്. ഓണ്‍ലൈൻ ട്രേഡിങ്ങിനു ക്ഷണിച്ചു ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചാണു തുക നിക്ഷേപിച്ചത്.