ആലപ്പുഴ മാന്നാറില്‍ വൃദ്ധ ദമ്പതികളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകന്‍ വിജയനെ ഇന്ന് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയെ ഇന്ന് ഹാജരാക്കുന്നത്. ഇന്നലെ വൈകീട്ടടെ പ്രതിയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നെന്ന് വിജയന്‍ മൊഴി നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്നലെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.
ആലപ്പുഴ മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മകന്‍ വിജയന്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകന്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നു പോകാറുണ്ട്. അതേസമയം വീടിന് തീപിടിച്ച് ദമ്പതികളെ പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വീട്ടില്‍ സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകന്‍ ഉപദ്രവിച്ചതായി രാഘവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വീടിന് തീപിടിച്ചത് നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.