X

മാന്നാർ കല വധക്കേസ്: അനിൽ ഇസ്രയേലിൽ തന്നെ, സ്ഥലം തിരിച്ചറിഞ്ഞു

ആലപ്പുഴ: മാന്നർ കൊലപാതകത്തിൽ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട് രേഖകൾ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്. മൂന്നുമാസമായി ഇയാൾ ഇസ്രായേലിൽ തന്നെയുണ്ടെന്ന് പരിശോധനയിൽ പൊലീസിന് വ്യക്തമായി. അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും.

അറസ്റ്റിലായ സോമരാജൻ, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയിൽ വിട്ടുകിട്ടി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ പെരുമ്പുഴ പാലത്തിൽനിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാൻ ശ്രമം നടത്തിയിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അവിടെ ആളുകൾ വന്നുംപോയുമിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കിൽ മറവുചെയ്യാൻ തീരുമാനിച്ചെന്നുമാണ് മൊഴി.
കലയെ കാണാതായതിന് ശേഷം പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കല കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതാണെന്ന വാദം അനിൽ ഉയർത്തിയതോടെ അന്വേഷണം നിലച്ചു. പിന്നീട് പതിനഞ്ച് വർഷത്തിനിപ്പുറം അമ്പലപ്പുഴ പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തിൽ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ബന്ധുക്കളായ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

webdesk14: