X

മോദി സര്‍ക്കാറിന്റെ തീരുമാനം കീഴ്‌വഴക്കമില്ലാത്തത്; മന്‍മോഹന്‍ സിങിന്റെ മക്കള്‍ നേരത്തെ തന്നെ സുരക്ഷ വേണ്ടന്നുവെച്ചവര്‍

മുന്‍ പ്രധാനന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാവുന്നു. നഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന മന്‍മോഹന്‍ സിങിന്റെ എസ്പിജി സുരക്ഷ അദ്ദേഹം സജീവ രാഷ്ടീയ പ്രവര്‍ത്തനത്തില്‍ തുടരുന്നതിനിടെ പിന്‍വലിച്ചതാണ് രഷ്ടീയപരമായ ചര്‍ച്ചയായിരിക്കുന്നത്.

മന്‍മോഹന്‍ സിങിന്റെ സംരക്ഷണം പിന്‍വലിക്കുന്നതിനുള്ള അധികാരം സാങ്കേതികമായി കേന്ദ്ര സര്‍ക്കാരിനുണ്ടെങ്കിലും നിലവില്‍ അത്തരമൊരു കീഴ് വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മാത്രമല്ല 2004 ല്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയ്ക്കുള്ള എസ്പിജി സുരക്ഷ യുപിഎ സര്‍ക്കാരും തുടര്‍ന്നുവന്ന എന്‍ഡിഎ സര്‍ക്കാറും പിന്‍വലിച്ചിരുന്നില്ല. രോഗാവസ്ഥയെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയേണ്ട വന്ന സാഹചര്യത്തിലും വാജ്‌പേയിക്കുള്ള എസ്പിജി സുരക്ഷ മരണം വരെ തുടര്‍ന്നിരുന്നു.

എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും നിരന്തരം യാത്ര ചെയ്യുകയും ഒപ്പം ഇപ്പോള്‍ രാജ്യസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മന്മോഹന്‍ സിങിന്റെ സുരക്ഷാ ആവശ്യം വാജ്‌പേയേക്കാള്‍ ശക്തമാണ്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി മാത്രമേ ഏതൊരു സര്‍ക്കാരും ഇത്തരം തീരുമാനങ്ങള്‍ എടുക്കാറുള്ളൂ, രാഷ്ട്രീയ കാര്യങ്ങള്‍ അല്ല അതിനു പിന്നില്‍ ഉണ്ടാവേണ്ടത് എന്നും മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എസ്പിജി സുരക്ഷ വി.പി സിങ് സര്‍ക്കാര്‍ പിന്‍വലിച്ചതും പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടതും വലിയ വിവാദമായിരുന്നു എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ റെക്കോര്‍ഡുകള്‍ ഉള്ള പ്രധാനമന്ത്രിയാണ് ഡോക്ടര്‍ സിങ് അദ്ദേഹം. നെഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഏറ്റവും അധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് മന്‍മോഹന്‍ സിങ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യമന്ത്രി, വിദേശകാര്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഒരേയൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്‍മോഹന്‍ സിങ് തന്നെ. അതേസമയം മന്‍മോഹന്‍ സിങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനും പുറമേ ഇവരുടെ പെണ്‍മക്കളും എസ്പിജി സുരക്ഷയുടെ പരിധിയില്‍ വരുമെങ്കിലും പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ ഉടന്‍ തന്നെ ഇവര്‍ സ്വമേധയാ എസ്പിജി സംരക്ഷണം ഒഴിവാക്കിയിരുന്നു. ഡോക്ടര്‍ സിങിന്റെ മകളും എഴുത്തുകാരിയുമായ ദമന്‍ സിങ് യുപിഎ അധികാരമൊഴിഞ്ഞ ഉടനെ സുരക്ഷ വേണ്ടെന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് സഹോദരിയും ചരിത്രകാരിയുമായ ഉപിന്ദര്‍ സിങും എസ്പിജി സുരക്ഷ വേണ്ടെന്നു വച്ചു.

മന്‍മോഹന്‍ സിങിന്റെ മക്കളായ അമൃത് സിങ്, ദമന്‍ സിങ്, ഉപിന്ദര്‍ സിങ് എന്നിവര്‍

2014 ല്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് മാറിയതിനെ തുടര്‍ന്ന് മന്‍മോഹന്‍ സിങിന് ഏര്‍പ്പെടുത്തിയ എസ്പിജി സുരക്ഷയുടെ കാര്യത്തില്‍ ഒരോ വര്‍ഷവും അവലോകനം നടക്കുകയായിരുന്നു. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ നല്‍കേണ്ടവരുടെ പട്ടിക പ്രതിവര്‍ഷം പുനഃപരിശോധിക്കാറുണ്ട്. ഈ അവസരത്തിലാണ് മന്മോഹന്‍ സിങ്ങിനെ ഒഴിവാക്കിയതെന്നാണു റിപ്പോര്‍ട്ട്. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. രഹസ്യാന്വേഷണ ഏജന്‍സികളുടെയും മറ്റും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന അവലോകനത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്കായിരുന്നു കഴിഞ്ഞ തവണ എസ്പിജി സംരക്ഷണം നീട്ടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കേണ്ട രാഷ്ട്രീയനേതാക്കള്‍ക്ക് എസ്പിജിയാണ് സംരക്ഷണം ഒരുക്കുന്നത്. ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1985-ലാണ് എസ്പിജി സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1988-ല്‍ ഇതുസംബന്ധിച്ച ആക്ട് പാര്‍ലമെന്റ് പാസ്സാക്കി. എന്നാല്‍ ഈ ഘട്ടത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും കുറഞ്ഞത് 10 വര്‍ഷം എസ്പിജി സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നു.

chandrika: