ന്യൂഡല്‍ഹി: ഡോ.മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയോട് ബഹുമാനം കാണിച്ചില്ല. ഇതിന് മുന്‍പും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വാജ്‌പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു. മന്‍മോഹന്‍ സിങ്ങിന് സ്മാരകം നിര്‍മിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.