X

അമിതമായി വായ്പയെടുക്കുന്നതു കേരളത്തിന് ഭാവിയില്‍ ഭാരമായി മാറും: മന്‍മോഹന്‍ സിങ്

തിരുവനന്തപുരം: അമിതമായി വായ്പയെടുക്കുന്നതു കേരളത്തിനു ഭാവിയില്‍ ഭാരമായി മാറുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി പദ്ധതികളില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വര്‍ധിച്ചു. ദരിദ്രര്‍ക്കു പിന്തുണ നല്‍കുന്നതു പോലെയുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജന. സെക്രട്ടറി താരീഖ് അന്‍വര്‍, ശശി തരൂര്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ബി.എസ്.ഷിജു, സാമ്പത്തിക വിദഗ്ധന്‍ പ്രഫ.ബി.എ.പ്രകാശ്, ഡോ.ഉമ്മന്‍ വി.ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.

Test User: