ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ്. രാജ്യസഭയില്‍ നോട്ടുനിരോധന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിച്ചത് ചരിത്രപരമായ മണ്ടത്തരവും വീഴ്ച്ചയുമാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ പിന്തുണക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കുപോലും നോട്ട് പിന്‍വലിക്കലിന്റെ ഭവിഷ്യത്ത് മനസ്സിലായിട്ടില്ല. ജിഡിപിയില്‍ രണ്ടു ശതമാനം കുറവുണ്ടാകും. കൂടാതെ കാര്‍ഷിക രംഗത്ത് വലിയ തിരച്ചടിയുണ്ടാകുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ വിഷമങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. രാജ്യത്ത് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയെന്നത് ലോകത്തൊരിടത്തും സംഭവിച്ചിട്ടില്ല. കര്‍ഷകര്‍ക്കും സഹകരണമേഖലയിലും ഉണ്ടായ പ്രശ്‌നങ്ങള്‍ കാണാതിരിക്കരുത്. പണം പിന്‍വലിക്കാനാകാത്ത അവസ്ഥ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. 50ദിവസത്തെ സമയം പാവപ്പെട്ടവര്‍ക്ക് ദുരന്തമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം വിദേശങ്ങളില്‍ സുരക്ഷിതമായി ഇരിക്കുമ്പോഴാണ് നാട്ടില്‍ ഇത്തരത്തിലുള്ള നടപടി മോദി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.