ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ അതിനിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. 84-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയം കാരണം ജമ്മു കശ്മീരിലെ സ്ഥിതി വഷളായതായും അദ്ദേഹം ആരോപിച്ചു. വിദേശ നയം മുതല്‍ സാമ്പത്തിക രംഗം വരെയുള്ള വിവിധ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. മന്‍മോഹന്റെ ഓരോ വാക്കുകള്‍ക്കും സദസ്സില്‍ നിന്നും വന്‍ കരഘോഷമാണ് ലഭിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ജി.ഡി.പിയുടെ 1.6 ശതമാനം മാത്രമാണ് അനുവദിക്കുന്നത്. രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇത് തീര്‍ത്തും പോരെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ നയം ദയനീയമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലാണ് കശ്മീര്‍ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാറിന്റെ രണ്ട് ചിറകുകള്‍ കശ്മീരില്‍ രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നാള്‍ക്കു നാള്‍ പ്രശ്‌നം വഷളാക്കാന്‍ മാത്രമാണ് സഹായിക്കുന്നത്. നമ്മളുടെ അതിര്‍ത്തി സുരക്ഷിതമല്ല, അതിര്‍ത്തി കടന്നുള്ള തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും ഉള്‍പ്പെടെ എല്ലാ പൗരന്‍മാര്‍ക്കും വലിയ ആശങ്കയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ സഗൗരവം തിരിച്ചറിയണം. അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നം സൗഹാര്‍ദ്ദപരവും സമാധാനപരമായുമാണ് തീര്‍ക്കേണ്ടത്. ഇന്ത്യയും പാകിസ്താനും എല്ലാ പ്രശ്‌നങ്ങളും പരസ്പരം ചര്‍ച്ചകളിലൂടെയാണ് തീര്‍ക്കേണ്ടത്. തീവ്രവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ ആവശ്യമായ താക്കീത് പാകിസ്താന് നല്‍കുകയും വേണം. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 7.8 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. എന്നാല്‍ ലോക സാമ്പത്തിക വളര്‍ച്ച ഉയരുമ്പോഴും 2014-18 വരെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മുരടിപ്പിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് വലിയ വാഗ്ദാനങ്ങളാണ് മോദി നല്‍കിയത്. എന്നാല്‍ ഇവയെല്ലാം പ്രാവര്‍ത്തികമാക്കുന്നതില്‍ ദയനീയമായി അദ്ദേഹം പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് പോലും ജോലികിട്ടിയതായി കാണുന്നില്ല. യാതൊരു ചിന്തയും കൂടാതെ നടത്തിയ നോട്ട് അസാധുവാക്കല്‍, ധൃതി പിടിച്ച് നടത്തിയ ജി.എസ്.ടി എന്നിവ രാജ്യത്തെ തൊഴില്‍ കുറച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തു, അസംഘടിത മേഖലയിലെ നിര്‍മാണവും തൊഴിലും നിലക്കാന്‍ കാരണമായി മന്‍മോഹന്‍ പറഞ്ഞു. ആറു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇത് പ്രസ്താവനകളില്‍ മാത്രം ഒതുങ്ങും. കേവലം തട്ടിപ്പ് മാത്രമാണ് ഈ പ്രസ്താവന. ഒരിക്കലും നേടാനാവാത്തതാണിതെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ പറഞ്ഞു. സോണിയക്കു കീഴില്‍ കോണ്‍ഗ്രസ് കൈവരിച്ച നേട്ടം രാഹുലിന് കീഴിലും ആവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം, സാമൂഹ്യ നീതി എന്നിവായാണ് ജനങ്ങള്‍ക്കു വേണ്ടതെന്നും ഇതിനായി കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.