X
    Categories: CultureNewsViews

ന്യായ് പദ്ധതി: വിമര്‍ശനങ്ങള്‍ക്ക്‍ മറുപടിയുമായി മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ‘ന്യായ് പദ്ധതി’യെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡോ. മന്‍മോഹന്‍ സിങ്. പദ്ധതി നടപ്പാക്കാന്‍ മധ്യവര്‍ഗത്തിനു മേല്‍ പുതിയ നികുതികള്‍ ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതി മിനിമം വരുമാനം ഉറപ്പ് വരുത്തുമെന്നും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായ് പദ്ധതി ഇന്ത്യയുടെ സാമ്പത്തിക അച്ചടക്കത്തെ നശിപ്പിക്കുമെന്നും പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് മധ്യവര്‍ഗത്തിന് മേല്‍ പുതിയ നികുതികള്‍ അടിച്ചേല്‍പ്പിക്കുമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്‍മോഹന്‍ സിങ് ന്യായ് പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്കു ശേഷിയുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.

പദ്ധതി നടപ്പാക്കാന്‍ ജി.ഡി.പിയുടെ 1.2% മുതല്‍ 1.5% മാത്രമാണ് ചെലവെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. 1991ലെ ഉദാരീകരണ നടപടി മുതല്‍ തൊഴിലുറപ്പ് പദ്ധതി വരെ കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതി പോലെ സുപ്രധാന കാല്‍വയ്പ്പുകളില്‍ പുതിയതാവും ന്യായ് പദ്ധതിയെന്നും 2019ല്‍ രൂപീകരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതു നടപ്പാക്കുമെന്നും മന്‍മോഹന്‍ പറഞ്ഞു. വിദഗ്ദ്ധരുമായുള്ള കൂടിയാലോചനങക്ക് ശേഷമാണ് ന്യായ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1947ല്‍ ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ രാജ്യത്തെ 70 ശതമാനം പേരും ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് 20 ശതമാനത്തിലേക്ക് താഴ്ത്താന്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ക്കു കഴിഞ്ഞു. ശേഷിക്കുന്ന ദാരിദ്ര്യം കൂടി തുടച്ചുനീക്കാനുള്ള അവസരമാണ് ന്യായ് പദ്ധതിയിലൂടെ കൈവരുന്നതെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: