ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു.
ദൈനിക് ഭാസ്‌കരണ്‍ ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ അദ്ദേഹം പ്രായോഗിക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. മോദി സര്‍ക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഡോ. സിങ് ഉന്നയിക്കുന്നുണ്ട്.
രാജ്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തുറന്നു പറയുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയെക്കുറിച്ച് തെറ്റായ ചിത്രങ്ങളാണ് നിലവില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും യുക്തിഭദ്രവും ഉറച്ചതുമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ട് നിരോധനവും തെറ്റായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതുമാണ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തതെന്ന് അദ്ദേഹം ആവര്‍ത്തി ച്ചു.
പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം ഈ വീഴ്ചകള്‍ക്കാണ്. അഞ്ച് മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. ഹെഡ്‌ലൈന്‍ മാനേജ്‌മെന്റിലൂടെ കൈയടി വാങ്ങുന്ന രീതി അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കുകയാണ് ആദ്യം വേണ്ടത്. ഇതിനകം തന്നെ ഏറെ സമയം മോദി സര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പ്രതിസന്ധി മൂര്‍ച്ചിക്കും. ഏതെങ്കിലുമൊരു മേഖലയിലെ പ്രശ്‌നങ്ങള്‍ മാത്രം അഡ്രസ് ചെയ്താല്‍ പ്രശ്‌നങ്ങള്‍ തീരില്ല. പ്രതിസന്ധി മറികടക്കുന്നതിന് സമഗ്രവും സമൂലവുമായ നടപടിയാണ് വേണ്ടത്. അഞ്ച് നിര്‍ദേശങ്ങള്‍ ചുവടെ:
- ജി.എസ്.ടിയെ യുക്തിസഹമായ രീതിയില്‍ പുനര്‍ നിര്‍വചിക്കുകയും നികുതി ഘടനയില്‍ അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക. താല്‍ക്കാലികമായി ഇത് നികുതി വരവില്‍ കുറവുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യും.
- കാര്‍ഷിക മേഖലയേയും ഗ്രാമീണ ഉപഭോഗ വ്യവസ്ഥിതിയേയും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണം. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ക്രിയാത്മകവും ഉറച്ചതുമായ ബദല്‍ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമീണ ജനതയുടെ ഉപഭോഗ ശേഷിയെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ല.
- ധനവിപണിയില്‍ ധനലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുക. ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിപ്പിക്കുക.
- തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോണിക് ഉത്പന്ന നിര്‍മ്മാണ മേഖല, വാഹന നിര്‍മ്മാണ മേഖല എന്നിവക്ക് കരുത്ത് പകരുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക.
- യു.എസ് – ചൈന വ്യാപാര യുദ്ധം കയറ്റുമതി രംഗത്ത് തുറന്നിടുന്ന സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുക. കയറ്റുമതി രംഗം ശക്തിയാര്‍ജ്ജിച്ചാലല്ലാതെ അടുത്ത മൂന്നു -നാലു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ച നേടിയെടുക്കാനാവില്ല.
1990കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയ ശില്‍പ്പി എന്ന നിലയിലാണ് ഡോ. സിങിന്റെ സേവനങ്ങള്‍ സ്മരിക്കപ്പെടുന്നത്. നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിങ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അതിവേഗം രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിച്ചിരുന്നു.