X
    Categories: MoreViews

‘അവള്‍ക്ക് ഈ അമ്മ എന്നും വിളിപ്പാടകലെയുണ്ട്’; മീനാക്ഷിയെക്കുറിച്ച് മഞ്ജു അന്നെഴുതിയ കുറിപ്പ് ഇന്ന് വൈറലാകുന്നു

നടന്‍ ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം മകള്‍ മീനാക്ഷി അച്ഛനൊപ്പം പോയത് ആരാധകര്‍ക്കിടയില്‍ മഞ്ജുവാര്യര്‍ എന്ന താരത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തതാണ്. ദിലീപിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് മീനാക്ഷി ദിലീപിനൊപ്പം നിന്നപ്പോഴും കൂടുതലൊന്നും അവകാശ പിടിവലിക്ക് മഞ്ജുവും നിന്നില്ല. വിമര്‍ശനങ്ങള്‍ കൂടിക്കൂടി വന്നപ്പോള്‍ മഞ്ജു ഫേസ്ബുക്കിലൊരു കുറിപ്പെഴുതി. വികാരതീവ്രതയോടെ എഴുതിയ കുറിപ്പ് അന്ന് ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ അന്ന് മഞ്ജുവിനെ കൂക്കിവിളിച്ചവര്‍ ഇന്നാ പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ്.

‘മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അതുകൊണ്ട് അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദു:ഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവള്‍ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അമ്മയുടെ അടുത്ത് തന്നെയാണല്ലോ മകള്‍ എന്നും.’ -ഇതായിരുന്നു സ്വന്തം കൈപ്പടയില്‍ എഴുതിയ മഞ്ജുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. ദിലീപേട്ടന്റെ വ്യക്തിജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാവട്ടെയെന്നും, കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും മഞ്ജു ആശംസിച്ചിരുന്നു. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണ്. സമ്പാദ്യവും ജീവിതവുമെല്ലാം. ഇങ്ങനെ പറഞ്ഞായിരുന്നു ആ പോസ്റ്റ് അവസാനിച്ചിരുന്നത്. ദിലീപിനൊപ്പം മഞ്ജു വാങ്ങിയ വസ്തു മീനാക്ഷിയുടെ പേരിലേക്ക് എഴുതിനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

നടിയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട് അടഞ്ഞുകിടക്കുകയാണെന്നും മകള്‍ മീനാക്ഷി ദുബായിലാണെന്നും പ്രചാരണമുണ്ടായിരുന്നു. ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി മഞ്ജുവാര്യറും ദുബായിലാണെന്നാണ് പുറത്തുവരുന്ന വിവരം. മഞ്ജുവും മകള്‍ മീനാക്ഷിയും ദുബായില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നുമൊക്കെയും നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്. അതേസമയം, ദിലീപിനെ നാളെ വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയിലേക്ക് കോടതി വിട്ടയച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

chandrika: