X
    Categories: MoreViews

‘സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വേദനിപ്പിക്കുന്നു’; ബാംഗളൂരു സംഭവത്തില്‍ മഞ്ജു വാര്യര്‍

ബാംഗളൂരുവില്‍ പുതുവര്‍ഷത്തലേന്ന് പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. സംഭവത്തിനേക്കാള്‍ വേദനിപ്പിക്കുന്നത് സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളാണെന്ന് പോസ്റ്റില്‍ മഞ്ജു പറയുന്നു. ബാംഗളൂരുവില്‍ റോഡിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടാളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബാഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്‌നങ്ങള്‍ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാള്‍ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക?

chandrika: