റിലീസിന് മുന്‍പ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു കഴിഞ്ഞു. ‘മഞ്ഞുമല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റും’. പക്ഷെ അതിലൊരു തിരുത്തലുണ്ട്, കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ മതികെട്ടാന്‍ ചോല ഗുണാ കേവ് കാണാനെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഗ്യാങ് മലയാളത്തിന്‍റെ മാത്രമല്ല തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെയും സീന്‍ മാറ്റിയെഴുതി.
ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത് ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്‍റെ നിർമ്മാതാവ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ ഫേസ്ബുക്കിൽ ഒരു പോസ്റ്റർ പങ്കുവെച്ചാണ് വിവരം അറിയിച്ചത്.
ജാന മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയമായി മാറി. തമിഴ്നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയത്. ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. വിദേശത്തു നിന്നും നാൽപതുകോടിക്ക് മുകളിൽ കളക്ഷന്‍ ലഭിച്ചു.