X

‘സ്വാധീനിക്കാനായി മകളെ കൊണ്ട് വിളിപ്പിച്ചു’; മഞ്ജുവിന്റെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സര്‍ക്കാര്‍. ദിലീപിനെതിരായ മഞ്ജുവാര്യരുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിയില്‍ വീഴ്ചയുണ്ടായി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടുമില്ല- സത്യവാങ്മൂലം പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വിചാരണക്കോടതിക്ക് തെറ്റു പറ്റിയതായി സര്‍ക്കാര്‍ പറയുന്നു. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല. കേട്ടറിവ് മാത്രമെന്നായിരുന്നു വിചാരണക്കാടതിയുടെ ന്യായമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

വിചാരണക്കോടതിയുടെ നിക്ഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സര്‍ക്കാര്‍ ഇതിനെ അനുകൂലിക്കുകയായിരുന്നു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Test User: