ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഉച്ചക്ക് ഒരു മണിയോടെയാണ് നടന്‍ കൂടിയായ മധു വാര്യര്‍ മൊഴി കൊടുക്കുന്നതിനായി എത്തിയത്. മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനിടയായ സാഹചര്യത്തെ സംബന്ധിച്ചാണ് പൊലീസ് ആരായുമെന്നാണ് വിവരം.
അതിനിടെ, ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. സഹോദരീ ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്നു പേരില്‍ നിന്നാണ് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചത്. സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ സഹനിര്‍മാതാവായിരുന്നു സൂരജ്. മകളുടെ പേരിലാണ് ചിത്രം നിര്‍മിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
അതേസമയം, അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായ മാനേജര്‍ അപ്പുണ്ണി ദിലീപിനെതിരെ മൊഴി നല്‍കിയത് നിര്‍ണായക വഴിത്തിരിവാണ്. സുനിയെ അറിയാമെന്നും ദിലീപ് പറഞ്ഞിട്ടാണ് പള്‍സര്‍ സുനിയുമായി ഫോണില്‍ സംസാരിച്ചതെന്നുമാണ് അപ്പുണ്ണി പൊലീസിനോട് പറഞ്ഞത്.