കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഡാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവാര്യറെ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണസംഘം പറയുന്നു.
കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് വിവരം നല്‍കിയതിനാലാണ് ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചറിയാന്‍ കൂടുതല്‍ സിനിമാതാരങ്ങളെ അന്വേഷണസംഘം ചോദ്യം ചെയ്യും. കാവ്യയും ദിലീപും തമ്മിലുണ്ടായ ബന്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അറിയുന്നതിനാണ് ചോദ്യം ചെയ്യല്‍. നടിയും ദിലീപുമായുണ്ടായ തര്‍ക്കത്തിന് ദൃക്‌സാക്ഷികളായവരുടെ മൊഴിയാണെടുക്കുന്നതിനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ക്വട്ടേഷന് കാരണം നടിയോടുള്ള വ്യക്തിവിരോധമാണെന്നും, മഞ്ജുവുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെന്ന വിരോധത്തിലാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും മറ്റു സംഭവങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ സ്ഥാപിക്കാന്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കേസില്‍ രണ്ടാം സാക്ഷിയായാണ് മഞ്ജു വാര്യര്‍ എത്തുക. അതേസമയം, അറസ്റ്റിലായ ദിലീപ് റിമാന്‍ഡില്‍ തുടരുകയാണ്. ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.