X

‘റദ്ദുച്ച’യുടെ വിയോഗം കേസില്‍ വിധി വരും മുമ്പ്; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയേക്കും

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ. പി. യിലെ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നുള്ള വിധി വരും മുമ്പേയാണ് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. മരണത്തിന് കീഴടങ്ങിയത്. അതിനാല്‍ തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാന്‍ സാധ്യത.

പി.ബി അബ്ദുള്‍റസാഖ് വിജയിച്ച തെരഞ്ഞെടുപ്പില്‍ 291 പേരുടെ കള്ള് വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നടപടികള്‍ തുടരുകയാണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെങ്കില്‍ വിധിയെ ആശ്രയിച്ചിരിക്കും മഞ്ചേശ്വരത്തിന്റെ ഭാവി. അതേസമയം കെ സുരേന്ദ്രന്‍ കള്ളവോട്ട് ആരോപിച്ചു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇനിയും തീര്‍പ്പാക്കിയിട്ടില്ല എന്ന സാങ്കേതികത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഹര്‍ജിക്കു പ്രസക്തിയില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോള്‍ അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിനൊപ്പമോ അല്ലെങ്കില്‍ അതിനു തൊട്ടു പിന്നാലെയോ മഞ്ചേശ്വരത്ത് ഉപതിരെഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഉപ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നകം തന്നെ നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

സംസ്ഥാനം ഉറ്റുനോക്കിയ 2016ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു കെ.സുരേന്ദ്രനെ പി.ബി. അബ്ദുല്‍ റസാഖ് പരാജയപ്പെടുത്തിയത്. 56,870 വോട്ടുകള്‍ പി.ബി. അബ്ദുല്‍ റസാഖിന് ലഭിച്ചപ്പോള്‍ 56,781 വോട്ടുകള്‍ സുരേന്ദ്രന് ലഭിക്കുകയുണ്ടായി. മുന്‍ എം.എല്‍.എ. സി.പി.എമ്മിലെ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടുകള്‍ ലഭിച്ചു.

മഞ്ചേശ്വരത്തെ തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് ഏറെ ആഹ്ലാദമാണ് സമ്മാനിച്ചത്. കേന്ദ്ര ഭരണത്തിന്റെ ഹുങ്കിലും പണക്കൊഴുപ്പിന്റെ പ്രതാപത്തിലും മണ്ഡലം പിടിച്ചെടുക്കാന്‍ എല്ലാ മാര്‍ഗവും സ്വീകരിച്ച ഫാസിസ്റ്റു ശക്തിയെ പിടിച്ചു കെട്ടി തന്റെ ജൈത്ര യാത്ര പി. ബി തുടര്‍ന്നെങ്കിലും കോടതിയിലൂടെ ജനവിധി മറികടക്കാനായിരുന്നു അവരുടെ ശ്രമം. മരണപ്പെട്ടവരുടെയും നാട്ടിലില്ലാത്തവരുടെയും വോട്ടുകളാണെന്ന് പരാതിപ്പെട്ടു കേസിനു പോയ ബി ജെ.പി യെ ശക്തമായി പ്രതിരോധിച്ച് കേസ് അവസാന തലത്തില്‍ നില്‍ക്കുമ്പോഴാണ് പി. ബി വിധിക്ക് വഴിപ്പെടുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഓര്‍മ്മക്കായി തന്റെ കാറിനിട്ട 89 നമ്പര്‍ പി.ബി.അബ്ദുല്‍ റസാക് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മറച്ചുവെയ്ക്കുന്നു

തന്റെ ഭൂരിപക്ഷമായ 89 എന്ന ഭാഗ്യ നമ്പറാണ് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ തന്റെ പുതിയ വാഹനത്തിന് നല്‍കിയത്. മുസ്ലിം ലീഗിന്റെ നന്മയുടെ രാഷ്ട്രീയം മാതൃകയാക്കി എന്‍ഡോസള്‍ഫാന്‍ പോലുള്ളവ കൊണ്ട് പ്രയാസപ്പെടുന്ന കാസര്‍കോട്ടെയും വിശിഷ്യാ മഞ്ചേശ്വരത്തെയും പട്ടിണിപ്പാവങ്ങള്‍ക്ക് സാന്ത്വനമേകാന്‍ അര്‍പ്പിതമായിരുന്നു കാസര്‍കോട്ടുകാരുടെ ‘റദ്ദുച്ച ‘യുടെ പൊതു ജീവിതം. തന്റെ മുന്‍ ഗാമിയുടെ പാത പിന്തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തെ സ്വയം പര്യാപ്തിയില്‍ എത്തിക്കാന്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പി ബി യാത്രയാവുന്നത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ ഏതാണ്ട് ആയിരം കോടി രൂപയുടെ വികസനം മഞ്ചേശ്വരത്തെത്തിക്കാന്‍ കഴിഞ്ഞു. അതില്‍ തന്നെ കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്തെ 687 കോടി ഒരു സര്‍വ കാല റെക്കോര്‍ഡായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്ക് ഭാരമാവില്ലെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന ഒരേ ഒരു പഞ്ചായത്ത് കഴിഞ്ഞ മാസം നഷ്ടപ്പെട്ടിരിക്കയാണ്. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പും ശബരിമലയിലെ സംഭവവികാസങ്ങളും മുന്‍ നിര്‍ത്തി വര്‍ഗീയ വികാരമുണര്‍ത്തി വോട്ട് പിടിക്കാനാവും ബിജെപി ശ്രമിക്കുക.

chandrika: