സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും 48180 ഡിപ്ലോമക്കാരും 86191 ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സും ഇപ്പോഴും തൊഴില്‍ അന്വേഷകരായി സംസ്ഥാനത്തുണ്ട്. മറ്റ് വിഭാഗത്തില്‍പെട്ട തൊഴിലില്ലാത്ത യുവജനങ്ങളുടെ എണ്ണം 32.67 ലക്ഷമാണ്.
ഇവര്‍ക്കെല്ലാം നേരിട്ട് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ പോലും ഇവരെ തൊഴില്‍ സംരംഭകരായി മാറ്റാന്‍ കഴിയും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ താഴെയായത് സര്‍ക്കാര്‍ തൊഴില്‍ സംരംഭകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ്. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങാതെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായിക്കണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനും വ്യവസായ വികസനം സാധ്യമാക്കുന്നതിനും നിക്ഷേപ സാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നതിനും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. എമര്‍ജിംഗ് കേരള 2012, യെസ് 2014, യെസ് ക്യാന്‍ 2015, വി മിഷന്‍ 2015 എന്നീ പരിപാടികള്‍ ആഗോള ശ്രദ്ധതന്നെ ആകര്‍ഷിച്ച പരിപാടികളാണ്.
എമര്‍ജിംഗ് കേരള സംഗമത്തില്‍ വിവിധ വകുപ്പുകളുടെ കീഴിലായി 177 പദ്ധതി നിര്‍ദേശങ്ങളാണ് തുടക്കത്തില്‍ ലഭിച്ചത്. ഇതില്‍ 56 പദ്ധതികള്‍ ആരംഭിക്കുകയും ഏകദേശം 32137 കോടി രൂപയുടെ ആകെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിയുകയും ചെയ്തിരുന്നു. വ്യവസായ വകുപ്പിന്റെ കീഴില്‍ മാത്രം ആരംഭിച്ച 14 പദ്ധതികളില്‍ 23334 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് വലിയ നേട്ടമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ഉറപ്പാക്കുന്നതിന് എന്ന പേരില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് ഇടയാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പെട്ട ഭേദഗതികളോട് കൂടിയ നിയമം സുസ്ഥിര വികസനം എന്ന സങ്കല്‍പത്തെ തന്നെ തകിടം മറിക്കുന്നതാണ്.
കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍-2018 എന്ന നിയമം വഴി ഭേദഗതി ചെയ്യപ്പെടുന്ന ഒരു നിയമമായ കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്റ് റഗുലേഷന്‍ ആക്ട് 2002ലെ പുതിയ വ്യവസ്ഥകള്‍ സംസ്ഥാനത്ത് ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണത്തിന് ഇടയാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ നിക്ഷേപ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനോ പ്രത്യേക പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് ലോകകേരള സഭയുടെ പേരു പറഞ്ഞ് ലോകത്തുള്ള പ്രവാസികളെയെല്ലാം ഇവിടെ വിളിച്ചു വരുത്തിയതെന്നും മഞ്ഞളാംകുഴി അലി ചോദിച്ചു.