പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ നടപടി കോണ്‍ഗ്രസ്സിന്റെ തന്ത്രമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ ഗെയിം ജനങ്ങള്‍ കാണണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
മണിശങ്കര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. കൂടാതെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മോദിയോട് മാപ്പുപറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും മണിശങ്കര്‍ അയ്യര്‍ ഒഴിഞ്ഞുമാറി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് വാങ്ങി വലിച്ചെറിഞ്ഞാണ് ചോദ്യത്തിനോടുള്ള അമര്‍ഷം അദ്ദേഹം തീര്‍ത്തത്. മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇതിനോടകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദിക്കെതിരെയുള്ളത് കരുതിക്കൂട്ടി നടത്തിയ ജാതീയ അധിക്ഷേപമാണ്. തുടര്‍ന്നുള്ള ക്ഷമാപണവും പുറത്താക്കലുമെല്ലാം ഗെയിമാണെന്നും അത് ജനങ്ങള്‍ മനസ്സിലാക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദിയെന്നായിരുന്നു മണിശങ്കര്‍ മോദിയെ പറഞ്ഞത്. എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നും അയ്യര്‍ ചോദിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി അംബേദ്കര്‍ നല്‍കിയ സംഭാവനകളെ മോദി പ്രശംസിച്ചിരുന്നു. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നും നെഹ്‌റുവിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞതാണ് അയ്യരെ ചൊടിപ്പിച്ചത്. രാജ്യത്തിന് നിരവധി സംഭാവനകള്‍ ചെയ്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരമായി അധിക്ഷേപിക്കുകയാണെന്നും സംസ്‌കാരമില്ലാത്ത ഇത്തരം പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദമായതിനെ തുടര്‍ന്ന് മണിശങ്കര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തുകയായിരുന്നു.