X

മണിപ്പൂരിലെ ക്രിസ്ത്യന്‍ വിരുദ്ധതയും ഹിന്ദുത്വ ഭ്രാന്തും വിനയായി; ബി.ജെ.പി സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാന്‍ സഖ്യകക്ഷികള്‍

നാഗാലാന്‍ഡിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പരസ്പരം പഴിചാരി എന്‍.ഡി.എ സഖ്യ കക്ഷികളായ ബി.ജെ.പിയും നാഷണലിസ്റ്റ് ഡെമോക്രാറ്റീവ് പ്രോഗ്രെസിവ് പാര്‍ട്ടിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യമൊഴിവാക്കി ഒറ്റക്ക് മത്സരിക്കാനുള്ള ധാരണയിലാണ് എന്‍.ഡി.പി.പി.

എന്‍.ഡി.പി.പി യുടെ സ്ഥാനാര്‍ത്ഥി ചുംബെന്‍ മുറെക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടേണ്ടി വന്നതിനു കാരണം ബി.ജെ.പിയുടെ ഹിന്ദുത്വ ഭ്രാന്തും ക്രിസ്ത്യന്‍ വിരുദ്ധതയുമാണെന്ന് എന്‍.ഡി.പി.പി എം.എല്‍.എ പറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടികള്‍ക്കിടയില്‍ പോര് രൂക്ഷമായത്. പി.ഡി.എയുടെ പ്രധാന ഘടക കക്ഷികളാണ് എന്‍.ഡി.പി.പിയും ബി.ജെ.പിയും. ഏകദേശം 60 എം.ല്‍.എമാരുടെ പിന്തുണ മുറെക്കുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് പാര്‍ട്ടി. ‘വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആരുമായും സീറ്റ് പങ്കിടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പാഠം ഞങ്ങള്‍ പഠിച്ചു. ആരുടെയൊക്കെയോ തെറ്റ് കൊണ്ടാണ് ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടത്,’ എന്‍.ഡി.പി.പി എം.എല്‍.എയായ മൊതോഷി ലോങ്കുമര്‍ പറഞ്ഞു.

വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ പള്ളികള്‍ കത്തിച്ചതും, ക്രിസ്ത്യന്‍ വിരുദ്ധതയും ആളുകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. പൊതു ജനങ്ങളുടെ മനസില്‍ തങ്ങളുടെ സ്ഥാനം തന്നെ നഷ്ടപെടുന്നതിലേക്ക് ഇത് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥി തോറ്റത് തങ്ങളുടെ കാരണം കൊണ്ടല്ലെന്നും വെറുതെ തങ്ങളുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണ് എന്‍.ഡി.പി.പി എന്നും ബി.ജെ.പി ആരോപിച്ചു.

‘മതത്തിന്റെ കാര്‍ഡ് കളിച്ച് അവര്‍ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്, പക്ഷേ അത് തെരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായിരിക്കണമെന്നില്ല. ഭരണ വിരുദ്ധതയാണ് തോല്‍വിയുടെ പ്രധാന ഘടകം. പക്ഷേ, അത് മറച്ചുവെക്കാന്‍ അവര്‍ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്,’ ബി.ജെ.പി നിയമസഭാംഗമായ ഇംകോങ് എല്‍ ഇംചെന്‍ പറഞ്ഞു.

webdesk13: