കലാപം നിയന്ത്രിക്കാനാവാത്ത മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി പ്രദേശത്ത് നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളിൽ ഒരു പൊലീസുകാരനും യുവാവും ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്.ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.ഇംഫാലിലെ കംഗ്ല കോട്ടയ്ക്ക് സമീപം മഹാബലി റോഡിൽ തടിച്ചുകൂടിയ ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം രണ്ട് വാഹനങ്ങൾ കത്തിച്ചു. ജനക്കൂട്ടം പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കാനും ശ്രമിച്ചു.മണിപ്പൂരിൽ 67 ദിവസമായി തുടരുന്ന കലാപത്തിൽ ഇതുവരെ 140 പേർക്കാണ് ജീവൻ നഷ്ടമായത്.