സര്‍വകക്ഷിയോഗത്തിനും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കും ഇടയിലും മണിപ്പൂരിൽ സംഘർഷം തുടരുന്നു.ഇംഫാലില്‍ ഒരുകൂട്ടം ആളുകൾ ബിജെപി ഓഫീസ് കത്തിച്ചു.കഴഞ്ഞദിവസം ഇംഫാൽ ഈസ്റ്റിൽ മന്ത്രി എൽ.സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണും അഗ്നിക്കിരയാക്കി. വിദേശകാര്യസഹമന്ത്രി രഞ്ജൻ സിങ്ങിന്റെയും സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്ഗെനിന്റെയും വീടുകൾക്കും നേരത്തെ തീയിട്ടിരുന്നു ഇംഫാൽ ഈസ്റ്റിലും കാങ് പോക്പിയിലും തുടർച്ചയായി മൂന്നാംദിനവും സുരക്ഷാസേനയ്ക്കുനേരെ വെടിവയ്പു നടന്നു.കലാപത്തിൽ കൊല്ലപ്പെട്ട ഗോത്രവിഭാഗക്കാരുടെ ഓർമയ്ക്കായി ചുരാചന്ദ്പുരിൽ ശവപ്പെട്ടി യാത്ര നടത്തി. 100 ശവപ്പെട്ടികളുമായി ആയിരക്കണക്കിനു പേർ മൗനജാഥയിൽ പങ്കെടുത്തു.ആയുധങ്ങൾ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ കഴിഞ്ഞ ദിവസം രണ്ടായിരത്തോളം വരുന്ന മെയ്തെയ് വനിതകൾ തടഞ്ഞിരുന്നു.
ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയത്. ഒരാഴ്ചയ്ക്കകം സര്‍വകക്ഷി സംഘത്തെ മണിപ്പൂരിലേക്ക് അയയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.