മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെ തുടർന്നുണ്ടായ പ്രതിഷേധം ശക്തമായ മണിപ്പൂരിലെ ചിലയിടങ്ങളിൽ ഇപ്പോഴും അക്രമസംഭവങ്ങൾ തുടരുന്നതായി റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി. ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു. അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും വിളിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്ന് ഇന്ന് ഫ്ലാഗ് മാർച്ച് നടത്തി.
അക്രമത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 7500 ഓളം പേർക്ക് അഭയം നൽകി.മണിപ്പൂരിലെ ജനസംഖ്യയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്,” സൈനികാധികൃതർ പ്രസ്താവനയിൽ പറഞ്ഞു.പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മുഖ്യമന്ത്രി സിങ്ങുമായി സംസാരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിലേക്ക് കേന്ദ്രം റാപ്പിഡ് ആക്ഷൻ ഫോഴ്സ് ടീമുകളെ അയച്ചിട്ടുണ്ട്.
‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ.’’ –ഇതിനിടെ ബോക്സിങ് ഇതിഹാസം മേരി കോം ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.