X

മണിപ്പൂര്‍ ; കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള

മണിപ്പൂര്‍ കലാപം അഴിച്ചുവിടുന്നതിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് ഇറോം ഷർമിള ആവശ്യപ്പെട്ടു. ഒരു വാർത്താ ചാനലിലിനോട് സംസാരിക്കുമ്പോഴാണ് അഫ്സ്പയ്ക്കെതിരെ ഒരു കാലത്ത് മണിപ്പൂരിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തിയ സമരനായിക ഇറോം ഷർമിള ഈ ആവശ്യമുന്നയിച്ചത്.ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷർമിള, കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ അത്യാവശ്യം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള പറഞ്ഞു.മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല.കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.

വനമേഖലകളിൽ താമസിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നടക്കമുള്ള കുക്കി വിഭാഗക്കാരെ പുറത്താക്കണമെന്ന ഹിന്ദു മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ വാശിയും പ്രശ്നം വഷളാക്കി. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കണമായിരുന്നു. ഇറോം ഷർമിള പറഞ്ഞു.

 

 

webdesk15: