X
    Categories: indiaNews

മണിപ്പൂര്‍;വെടിവെപ്പില്‍ തകരുമോ വടക്കു കിഴക്കന്‍ സ്വപ്‌നം?

ഇംഫാല്‍: രണ്ടു ഘട്ടങ്ങളിലായാണ് 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. സംസ്ഥാനത്തെ 60 മണ്ഡലങ്ങള്‍ താഴ്‌വര മേഖല (40 മണ്ഡലങ്ങള്‍), ഹില്‍ മേഖല (20 മണ്ഡലങ്ങള്‍) എന്നിങ്ങനെ രണ്ടു മേഖലകളിലായാണ്. 2017ല്‍ 28 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം ലഭിക്കാതെ പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിനുണ്ടായത്.

21 മണ്ഡലങ്ങളില്‍ വിജയിച്ച ബി.ജെ.പി കേന്ദ്ര സ്വാധീനം ഉപയോഗിച്ച് പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്), എല്‍.ജെ.പി എന്നീ കക്ഷികളെ ഒപ്പം ചേര്‍ത്ത് ഭരണം കയ്യാളുകയായിരുന്നു. സംസ്ഥാന ഭരണത്തില്‍ ബി.ജെ.പിക്ക് അകത്ത് തന്നെ കടുത്ത അസംതൃപ്തി പുകയുന്ന മണിപ്പൂരില്‍ 2020ല്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിനെതിരെ ഒമ്പത് എം.എല്‍.എമാരും ഉപമുഖ്യമന്ത്രിയും പിന്തുണ പിന്‍വലിച്ച് കലാപം തീര്‍ത്തിരുന്നു. ഈ പടലപ്പിണക്കം തുടര്‍ ഭരണത്തിന് വിഘാതമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് അസം റൈഫില്‍ കമാന്റിങ് ഓഫീസര്‍, ഭാര്യ, മകന്‍, സൈനികര്‍ എന്നിവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാനത്തെ ക്രമസമാധാന നില വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനു പുറമെ നാഗലന്‍ഡില്‍ സൈന്യം ഗ്രാമീണര്‍ക്കു നേരെ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തും കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ പ്രതിഷേധം ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിഷ്ണുപൂര്‍ ജില്ലയില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മിക്ക സീറ്റുകളിലും അഞ്ചു മുതല്‍ 10 സ്ഥാനാര്‍ത്ഥി മോഹികളാണ് രംഗത്തുള്ളത്. സംസ്ഥാന നേതൃത്വത്തിലെ അതൃപ്തി തന്നെയാണ് കോണ്‍ഗ്രസിനേയും വലയ്ക്കുന്ന പ്രധാന പ്രശ്‌നം.

നിലവിലെ കക്ഷി നില
ആകെ സീറ്റ് 60
കോണ്‍ഗ്രസ് 28
ബി.ജെ.പി 21
എന്‍.പി.എഫ് 4
മറ്റുള്ളവര്‍ 7

Test User: