X

മണിപ്പൂര്‍ വ്യാജ വിദ്വേഷ വാര്‍ത്തകളുടെ ഇര: ശരീഫ് സാഗര്‍

മണിപ്പൂര്‍ വ്യാജ വിദ്വേഷ വാര്‍ത്തകളുടെ ഇരയെന്ന് പ്രമുഖ എഴുത്തുകാരന്‍ ശരീഫ് സാഗര്‍. എല്ലാ കലാപത്തിലും വ്യാജ വാര്‍ത്തകളുണ്ടാക്കി ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ഒരുകൂട്ടര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളവും സുരക്ഷിതമാണെന്ന് കരുതേണ്ട. വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗം നുണകളാണ്. ഈ നുണകള്‍ക്ക് കത്തിപ്പടരാന്‍ ഒരു തീപ്പൊരി മതി അദ്ദേഹം മുന്നറിയിപ്പ് നല്‍കി

പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നുണകള്‍ എങ്ങനെയാണ് ഒരു ജനതയെ കീറിമുറിക്കുന്നതെന്ന് നോക്കൂ.

ഡല്‍ഹിയില്‍ നടന്ന ഒരു കൊലപാതക വാര്‍ത്ത മണിപ്പൂരിലെ ചുരാന്ദ്പൂരില്‍ മെയ്തികള്‍ക്കെതിരെ നടന്നതാണെന്ന് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീയുടേതാണെന്ന നുണ കാട്ടുതീ പോലെ പടരുന്നു. കേട്ടപാതി ആയിരത്തോളം മെയ്തികള്‍ ആയുധങ്ങളുമായി കുക്കികളുടെ ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്നു.
തങ്ങളുടെ ഒരു സ്ത്രീക്ക് പകരമായി എട്ട് സ്ത്രീകളെ പിടിച്ച് നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്യുന്നു.
യുവതികളില്‍ ഒരാളുടെ കൗമാരക്കാരനായ സഹോദരന്‍ അക്രമം തടയാന്‍ ശ്രമിക്കുന്നുണ്ട്. അവനെ അവര്‍ കൊല്ലുന്നു. ഒരു സ്ത്രീയുടെ ഭര്‍തൃ സഹോദരനെയും മകനെയും കൊല്ലുന്നു. തലയ്ക്കടിച്ചാണ് കൊന്നത്. പലയിടത്തും പോലീസാണ് കുക്കികളെ ആള്‍ക്കൂട്ടത്തിന് വിട്ടുനല്‍കിയത്.

കുക്കികള്‍ക്കെതിരെ നടന്ന മിക്ക അക്രമങ്ങളുടെയും പ്രധാന കാരണം ഇത്തരം വ്യാജ വാര്‍ത്തകളാണെന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏഴ് വയസ്സുകാരി പെണ്‍കുട്ടി അടക്കം 37 മെയ്തി സ്ത്രീകളെ റേപ്പ് ചെയ്തിരിക്കുന്നു എന്നും അവര്‍ ഇംഫാല്‍ ആശുപത്രിയിലുണ്ടെന്നും മറ്റൊരു വ്യാജ വാര്‍ത്ത. ഇതുകേട്ട് മെയ്തികള്‍ കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി സ്ത്രീകളെ അക്രമിക്കുകയും റേപ്പ് ചെയ്ത് കത്തിക്കുകയും ചെയ്യുന്നു. ഗുജറാത്ത് കലാപ കാലത്തും ഇത്തരം വ്യാജ വാര്‍ത്തകളാണ് അക്രമികളെ ഉത്തേജിപ്പിച്ചിരുന്നത്. എല്ലാ കലാപത്തിലും വ്യാജ വാര്‍ത്തകളുണ്ടാക്കി ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ ഒരുകൂട്ടര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.

മണിപ്പൂര്‍ സംഭവത്തില്‍ പിടിയിലായത് റോഹിങ്യന്‍ അഭയാര്‍ത്ഥിയായ മുസ്ലിമാണെന്നും അയാളുടെ പേര് മുഹമ്മദ് ഹലീം എന്നാണെന്നും എന്‍.ഐ.എ വ്യാജ വാര്‍ത്ത പുറത്ത് വിടുന്നു. ഈ നുണ സംഘ്പരിവാര്‍ ഐ.ടി സെല്‍ ഏറ്റുപിടിക്കുന്നു. ഗ്രഹണി പിടിച്ചവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ മലയാളി സംഘികള്‍ എല്ലായിടത്തും ഈ നുണ വാരി എറിയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഈ നുണ ആദ്യം പ്രചരിപ്പിക്കുന്നത്. വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ എ.എന്‍.ഐ ഇതിന് മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇന്ത്യ ആസ്ഥാനമായി കേന്ദ്ര സര്‍ക്കാറിനു വേണ്ടി വ്യാജ വാര്‍ത്താ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും എ.എന്‍.ഐ അതിലെ പ്രധാന കണ്ണിയാണെന്നും നേരത്തെ തന്നെ അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005 മുതല്‍ തുടങ്ങിയതാണ് ഈ പണി.

എ.എന്‍.ഐ ഈ വാര്‍ത്ത നീക്കം ചെയ്തെങ്കിലും സംഘികള്‍ പ്രചാരണം തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ മുഖ്യപ്രതി മെയ്തി വിഭാഗക്കാരനായ ഹെരാദാസാണ്. പക്ഷെ, ആര്‍ക്കു വേണം സത്യം?

കൈവെട്ടിന്റെ ഇര പോലും മദ്രസാ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണെന്ന് നുണ പ്രചരിപ്പിക്കുന്ന കേരളവും സുരക്ഷിതമാണെന്ന് കരുതേണ്ട. വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗം നുണകളാണ്. ഈ നുണകള്‍ക്ക് കത്തിപ്പടരാന്‍ ഒരു തീപ്പൊരി മതി.

webdesk11: