X

മണിപ്പൂര്‍ കലാപം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

മണിപ്പൂര്‍ കലാപം സംബന്ധിച്ച ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഇരു സഭകളിലും പ്രതിഷേധിക്കും. മണിപ്പൂര്‍ കലാപം, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് അനുമതി നേടി നോട്ടീസ് നല്‍കും. മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. സഭാ നടപടികള്‍ നിര്‍ത്തിവച്ച് മണിപ്പൂര്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഇരുസഭകളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പ്രതിഷേധം കനത്തതോടെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. മണിപ്പൂര്‍ ഒരു സെന്‍സിറ്റീവ് വിഷയമാണ്. ചര്‍ച്ചയ്ക്ക് ആഭ്യന്തരമന്ത്രി വിശദമായി മറുപടി നല്‍കും. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ തീരുമാനിക്കട്ടെ- പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികള്‍ നയിച്ച കിരിത് സോളങ്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിനും സഭ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്‌സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചാണെത്തിയത്. മണിപ്പൂര്‍ കത്തുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് രാവിലെ മുതല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് പ്രധാനമന്ത്രി മോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുടെ അടുത്തെത്തിയാണ് സംസാരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മോദി മൗനം വെടിഞ്ഞത്.

webdesk11: