X

മണിപ്പൂര്‍; ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

തിരുവമ്പാടി: ബി.ജെ.പി പുലര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് മണിപ്പൂരിലെ കലാപമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ അധികാരം ലഭിച്ചതിന് ശേഷം നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഭൂരിപക്ഷ വിഭാഗമായ മെയ്തികളെ പ്രീണിപ്പിക്കാനും കുക്കികള്‍ക്ക് വിരുദ്ധമായും നിയമം നടപ്പിലാക്കുകയാണ്. ഒരു സമൂഹം നിലനില്‍പ് ഭീഷണിയിലാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധത്തെ നേരിടാന്‍ മറുവിഭാഗത്തെ കയ്യഴിച്ച് വിടുകയാണ് സര്‍ക്കാര്‍.

ഇന്ത്യയിലെ മിക്ക കലാപ മേഖലയിലും സന്ദര്‍ശനം നടത്തിയ ഒരാളെന്ന നിലയില്‍ ഇത്രയും കലുഷിതമായ കലാപം കണ്ടിട്ടില്ല. രണ്ട് മാസം കഴിഞ്ഞിട്ടും കലാപമണക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ഒന്നു ചെയ്യുന്നില്ലന്നത് ജനാധിപത്യ ഭാരതത്തിന് അപമാനമാണ്. ഒരു മത വിഭാഗത്തെ വേട്ടയാടുമ്പോള്‍ ഇരകള്‍ക്കൊപ്പം അണിനിരക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ഞങ്ങള്‍ മണിപ്പുരിലേക്ക് പോയത്.ലീഗ് എന്നും പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം നിലനില്‍ക്കുക തന്നെ ചെയ്യും.

തിരുവമ്പാടി നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് തിരുവമ്പാടി ടൗണില്‍ മണിപ്പൂര്‍ വംശഹത്യക്കെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്്‌ലിം ലീഗ് നേതൃസംഘം കണ്ട ഹൃദയഭേതകമായ കാഴ്ചകള്‍ ഇ.ടി വിശദീകരിച്ചു. നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, എ.കെ.സി.സി താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പില്‍, ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈന്‍ കുട്ടി, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എ.എം അഹമ്മദ് കുട്ടി ഹാജി, മണ്ഡലം മുസ്്‌ലിം ലീഗ് ഭാരവാഹികളായ യൂനുസ് മാസ്റ്റര്‍ പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി അബ്ദുറഹിമാന്‍, വി.എ നസീര്‍, എ.കെ സാദിഖ്, ഗഫൂര്‍ കല്ലുരുട്ടി, ദാവൂദ് മുത്താലം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി സെയ്ദ് ഫസല്‍, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, വനിതാ ലീഗ് ജില്ലാ സെക്രട്ടറി റുഖിയ ടീച്ചര്‍, കോയ പുതുവയല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പിജി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ സി.എ മുഹമ്മദ് നന്ദിയും പറഞ്ഞു.

webdesk11: