മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതേസമയം മണിപ്പൂരില്‍ കലാപകാരികള്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളിലൊരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച സൈനികന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സൈനികന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
പൊലീസ് പരാതി അവഗണിച്ചെന്നും കരസേനയുടെ അസം റെജിമെന്റില്‍ നിന്ന് സുബേദാറായി വിരമിച്ച അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപം തുടങ്ങിയതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു മെയ്തി വിഭാഗത്തിലുള്ള പുരുഷന്മാര്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. ഞാന്‍ ശ്രീലങ്കയിലുണ്ടായിരുന്നു, കാര്‍ഗിലിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ എന്റെ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല- എന്നാണ് സൈനികന്റെ വാക്കുകള്‍.
മൃഗങ്ങളെ പോലെയാണ് ആള്‍ക്കൂട്ടം വന്നത്. ആയുധങ്ങളുമായി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വരവെന്നും ഇരയുടെ ഭര്‍ത്താവ് പറഞ്ഞു. മണിപ്പൂരിലെ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും.
അറസ്റ്റിലായ നാലു പേരെയും 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. അക്രമികള്‍ക്ക് തങ്ങളെ വിട്ടു കൊടുത്ത പൊലീസ് നഗ്‌നരാക്കി നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഇതുവരെ ഇതേ കുറിച്ച് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമായതെന്ന് മണിപ്പൂര്‍ പൊലീസ് ന്യായീകരിച്ചു.അക്രമം നടന്ന മെയ് നാലിന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ ഒരു സംഘം ആളുകള്‍ നോങ്‌പോക്ക് സെക്മായി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസുകാരെല്ലാം സ്‌റ്റേഷന്‍ സംരക്ഷിക്കുന്ന തിരക്കിലായിരുന്നുവെന്നുമാണ് തൗബല്‍ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ പറയുന്നത്.
മെയ്‌തെയ് വിഭാഗക്കാര്‍ തങ്ങളുടെ ഗ്രാമം ആക്രമിക്കുന്ന സമയത്ത് പൊലീസുണ്ടായിരുന്നു എന്ന് ഒരു അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്രമിസംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ പൊലീസ് വാഹനത്തില്‍ കയറ്റി കുറച്ചുദൂരം കൊണ്ടുപോകുകയും ശേഷം ആള്‍ക്കൂട്ടത്തിനടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു.ഗ്രാമത്തലവനായ തങ്‌ബോയ് വൈഫെയ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മേയ് 3 ന് ചുരാചന്ദ്പൂരില്‍ ആദ്യത്തെ അക്രമ സംഭവങ്ങള്‍ നടന്നപ്പോള്‍ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ വരികയും ചെയ്തു. എന്നാല്‍ മെയ് 4 ന് വിളിച്ചപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ രക്ഷിക്കേണ്ടതിനാല്‍ വരാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.