സാബിര്‍ കോട്ടപ്പുറം
‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാറിന് മുന്‍കൂട്ടി കാണാനോ നിയന്ത്രിക്കാനോ സാധിക്കാത്ത തരത്തില്‍ മണിപ്പൂരില്‍ വര്‍ഗീയ ലഹള പടരുന്നു. ജമ്മുകശ്മീരില്‍ സൈനികര്‍ വെടിയേറ്റ് മരിക്കുന്നു. 2023ലെ ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളിലൊന്നാണ് ജമ്മു കശ്മീരില്‍ നടന്നിരിക്കുന്നത്. അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ അഭിമാനമായിമാറിയ ഗുസ്തി താരങ്ങള്‍ നീതിക്കായി രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്നു. റോമ നഗരം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. എന്നാല്‍ മണിപ്പൂര്‍ കത്തുമ്പോള്‍ പ്രൊപഗണ്ട സിനിമ ‘കേരള സ്റ്റോറി’ യുടെ പ്രമോഷന്‍ ഏറ്റെടുത്ത് നടത്തുന്ന, കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ റോഡ് ഷോ നടത്തി ആനന്ദം കണ്ടെത്തുന്ന പ്രധാനമന്ത്രിയെ കാണുകയാണ്. സൈനികരുടെ ജീവത്യാഗമോ, രാജ്യത്തെ ജനങ്ങള്‍ കലാപത്തിലേര്‍പ്പെടുന്നതോ അല്ല അദ്ദേഹത്തെ അലട്ടുന്നതും മുന്‍ഗണനയും.
ഒരുപാട് ജാതികളും മതങ്ങളും സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യത്തിലൂടെയാണ് രാഷ്ട്രശില്‍പികള്‍ രാജ്യം കെട്ടിപ്പെടുത്തതും ഇന്ന് കാണുന്ന നിലയിലെത്തിയതും. പളുങ്ക് പാത്രം കൈകാര്യം ചെയ്യുന്നത്‌പോലെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ് ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള വൈവിധ്യം. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തേണ്ട പ്രധാനമന്ത്രി യാതൊരു ഉത്തരവാദിത്വവുമില്ലാതെ വര്‍ഗീയ വിഭജനത്തിന് തിരികൊളുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നു. തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വാഗ്ദാനത്തെ വളച്ചോടിച്ച് അത് ഹനുമാന്‍ ഭക്തര്‍ക്കെതിരായ നീക്കമായി അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ടായിരം പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിനയച്ചു എന്ന ആരോപണം സിനിമയുടെ അണിയറക്കാര്‍തന്നെ പരസ്യമായി സമ്മതിക്കാന്‍ മടിക്കുന്ന, ഇതൊരു ഫിക്ഷന്‍ മാത്രമാണെന്ന് അവകാശപ്പെടുന്ന അവസരത്തിലും പ്രധാനമന്ത്രി ‘കേരള സ്റ്റോറി’ സിനിമയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു.
കര്‍ണാടക ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലെത്തുകയും ബി.എസ് യെദിയൂരപ്പയെ പോലുള്ള അവശേഷിക്കുന്ന നേതാക്കള്‍ ഹിജാബ്, ടിപ്പു പോലെയുള്ള വിഭാഗിയത ഉണ്ടാക്കുന്ന വിഷയങ്ങളല്ല അജണ്ടയാകേണ്ടതെന്നും തുറന്ന് പറയുമ്പോഴും പ്രധാനമന്ത്രി ‘കേരള സ്റ്റോറി’യുടെ പ്രചാരകനായിമാറുന്ന ദുഃഖകരമായ കാഴ്ച. കേരള സന്ദര്‍ശനത്തിനിടയില്‍ കേരളത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ അദ്ദേഹം മറന്ന്‌പോയിരിക്കുന്നു. കശ്മീരിലും മണിപ്പൂരിലും ക്രമസമാധാന പാലനത്തില്‍ തന്റെ ഉത്തരവാദിത്വം മറക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ കര്‍ണാടകയിലെ ക്രമസമാധാനം തകരുമെന്ന ആശങ്ക പടര്‍ത്തുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്. ഉത്തരേന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സ്മൃതി ഇറാനി, ഹിമന്ത ബിശ്വയെ പോലുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ പാത പിന്തുടര്‍ന്ന് പ്രിയങ്കഗാന്ധി നമസ്‌കരിക്കും, ഡി.കെ ശിവകുമാര്‍ ടിപ്പുസുല്‍ത്താന്റെ കുടുംബക്കാരാനാണ് പോലുള്ള പ്രസ്താവനകള്‍ നടത്തി എങ്ങനെയെല്ലാം ഒരുമിച്ച് ജീവിക്കുന്ന മനുഷ്യരില്‍ വെറുപ്പിന്റെ ബീജങ്ങള്‍ നിക്ഷേപിക്കാമെന്ന് ഗവേഷണം നടത്തുകയാണ്.
സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് കോട്ടം തട്ടിയതാണ് മണിപ്പൂരില്‍ കലാപമായി വളര്‍ന്നത്. കര്‍ണാടകയില്‍ മുസ്‌ലിം സംവരണം എടുത്ത്കളയുകയും സംവരണ തോതില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല, മറ്റ് ജാതി സംഘടനകളും സമരവുമായി തെരുവിലിറങ്ങി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും നടപടികളും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ വളരാമെന്ന ഭീതിയോ ഉത്തരവാദിത്വ ബോധമോ ബി.ജെ.പി നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല.
ഹിന്ദു ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും ക്രിസ്ത്യാനികളായ കുക്കി ഗോത്രവിഭാഗവും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഈ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത തകര്‍ക്കുന്നതില്‍ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാറിന് വലിയ പങ്കുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു, കുടിയിറക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കുക്കികളുടെ പരാതിക്കിടയിലാണ് മെയ്‌തെയ് വിഭാഗത്തിന് കുക്കികള്‍ക്ക് സമാനമായ ഗോത്ര പദവി നല്‍കാനുള്ള നീക്കം ഭരണകൂടത്തില്‍നിന്നും കോടതിയില്‍ നിന്നും ഉണ്ടായത്. മെയ്‌തേയ് വിഭാഗത്തിന് ഗോത്ര പദവി ലഭിക്കുന്നത് പിന്നാക്കം നില്‍ക്കുന്ന കുക്കി ഗോത്ര വിഭാഗത്തിന് തങ്ങളുടെ അവസരങ്ങള്‍ വീണ്ടും നഷ്ടപ്പെടുത്തുമെന്ന ഭീതിയുണ്ടാക്കി. സാമൂഹിക മുന്നേറ്റ സൂചികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ ദുര്‍ബലരുമായി താരതമ്യം ചെയ്യുന്നതിന്റെയും അരികുവത്കരിക്കുന്നതിന്റെയും സംവരണത്തിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നതിന്റെയും അപകട സൂചനയാണ് മണിപ്പൂരില്‍നിന്ന് മുഴങ്ങുന്നത്.
മണിപ്പൂര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭരണ ഉദ്യോഗ പ്രാതിനിധ്യത്തിലും മറ്റ് സാമൂഹിക സൂചികയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മെയ്‌തേയ് വിഭാഗം ഗോത്രപദവിക്കായി വാദിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് മണിപ്പൂരിലെ എല്ലാ മേഖലയിലും സ്ഥലം വാങ്ങാനുള്ള അവകാശം കൂടി ലഭിക്കാന്‍ വേണ്ടിയെന്നാണ്. കശ്മീരിന്റെ പ്രത്വേക പദവി എടുത്ത്മാറ്റിയ സമയത്ത് ബി.ജെ.പി ഉയര്‍ത്തിയ പ്രധാന ചോദ്യം ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതയാകുമ്പോള്‍ കശ്മീരിന്മാത്രം എന്തിനാണ് പ്രത്വേക പദവി എന്നതായിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്ത്തന്നെ അവിടത്തെ ചില പ്രത്യേക ജന വിഭാഗങ്ങള്‍ക്ക്‌പോലും സ്ഥലം വാങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നു എന്ന് മണിപ്പൂര്‍ കലാപം ലോകത്തിന് മുന്നില്‍ തുറന്ന്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവിയിലും വൈവിധ്യത്തിലും മാത്രമായിരുന്നു ബി.ജെ.പിയുടെ പ്രശ്‌നം.